എന്തുകൊണ്ട് മല്ലു മോദിയെന്ന പേര് വീണു ?; കേന്ദ്രസര്‍ക്കാരിനെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍
വ്യാഴം, 6 ഒക്‌ടോബര്‍ 2016 (18:53 IST)
കേന്ദ്രസര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തിന്‍റെ വികസനത്തോട് ക്രിയാത്മകമായ നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്. റോഡ് വികസനത്തിന് ആവശ്യമായ ഫണ്ട് അനുവദിക്കാമെന്ന് കേന്ദ്രം ഉറപ്പ് നല്‍കിയതായും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു.
കൂടിക്കാഴ്ചകളില്‍ പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രിമാരും പുലര്‍ത്തുന്നത് ഭിന്നതകള്‍ മറന്നുളള സമീപനമാണ്. സംസ്ഥാനത്തിന്റെ വികസനത്തില്‍ കേന്ദ്ര സര്‍ക്കാരിന് കാര്യമായ പങ്കുണ്ട്. റോഡ് വികസനം സംബന്ധിച്ച് ആവശ്യമായതെല്ലാം ചെയ്യാമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഉറപ്പു നല്‍കി. റോഡ് വികസനത്തിനായി സ്ഥലം ഏറ്റെടുക്കാന്‍ കഴിഞ്ഞാല്‍ എത്ര പണവും ചെലവഴിക്കാന്‍ തയ്യാറാണെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
സംസ്ഥാനത്തിന്റെ വികസനത്തില്‍ കേന്ദ്ര സര്‍ക്കാരിന് മുമ്പ് ചില വ്യത്യസ്ത്യ അഭിപ്രായങ്ങളും അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ അങ്ങനയല്ലെന്നാണ് മനസിലാകുന്നത്. രാഷ്ട്രീയമായി ഞങ്ങള്‍ ഏങ്ങനെയാണെന്ന് നിങ്ങള്‍ക്കറിയാമല്ലോ, എന്നാല്‍ സംസ്ഥാനത്തിന്റെ പൊതുവായ കാര്യങ്ങള്‍ അവരുടെ അടുത്ത് ഉന്നയിച്ചപ്പോള്‍ അതൊന്നും ഒരു തരത്തിലും പ്രതിഫലിച്ചിരുന്നില്ല എന്നതാണ് വസ്‌തുതയെന്നും പിണറായി പറഞ്ഞു.
കോഴിക്കോട് കോര്‍പ്പറേഷന്‍ നല്‍കിയ സ്വീകരണപരിപാടിയില്‍ സംസാരിക്കുമ്പോഴാണ് വികസനകാര്യത്തില്‍ രാഷ്ട്രീയം വിഷയമല്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചത്. കോഴിക്കട് നഗരത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ സമര്‍പ്പിച്ച നിവേദനം മുഖ്യമന്ത്രി പരിശോധിച്ചു.
ഭരണകാര്യത്തില്‍ മോദി ശൈലി പിണറായി പിന്തുടരുന്നുവെന്ന വിമര്‍ശനങ്ങള്‍ക്കിടെ തന്നെയാണ് കേന്ദ്രസര്‍ക്കാരിനെയും പ്രധാനമന്ത്രിയേയും മുഖ്യമന്ത്രി പ്രശംസിച്ചുവെന്നതും ശ്രദ്ധേയമാണ്.