ബാങ്കുകൾ തീരുമാനം മാറ്റി; പെട്രോൾ പമ്പുകളിൽ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ സ്വീകരിക്കും

തിങ്കള്‍, 9 ജനുവരി 2017 (07:30 IST)
പെട്രോൾ പമ്പുകളിലെ കാർഡ് വഴിയുള്ള ഇടപാടുകൾക്ക് ഒരു ശതമാനം ഫീസ് ഈടാക്കാനുള്ള തീരുമാനം ബാങ്കുകൾ നീട്ടിവെച്ചു. ഇതോടെ സംസ്ഥാനത്തെ ഒരുവിഭാഗം പെട്രോൾ പമ്പുകളിൽ തിങ്കളാഴ്ച മുതൽ പണമിടപാടിനായി ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ സ്വീകരിക്കില്ലെന്ന തീരുമാനം പമ്പുടമകൾ പിൻവലിച്ചു. ജനുവരി 13 വരെ കാർഡുകൾ സ്വീകരിക്കുമെന്ന് ഓൾ ഇന്ത്യ പെ​​ട്രോൾ ഡീലേഴ്സ് അ‌സോസിയേഷൻ അ‌റിയിച്ചു.
 
കാർഡ് ഉപയോഗിച്ചുള്ള ഇടപാടുകൾക്ക് ഒരു ശതമാനം വരെ സർവീസ് ചാർജ് ഈടാക്കാനുള്ള തീരുമാനം ബാങ്കുകൾ പുനഃപരിശോധിക്കുന്ന സാഹചര്യത്തിലാണിത്. ബാങ്കുകളുമായി നടത്തുന്ന ചർച്ചകളെ ആശ്രയിച്ചായിരിക്കും തുടർന്നുള്ള തീരുമാനം. ഇതിനിടെ പമ്പുടമകൾക്ക് കൂടി സ്വീകാര്യമായ രീതിയിൽ പരിഹാരം കണ്ടെത്താമെന്ന പ്രതീക്ഷയിലാണ് ബാങ്കുകൾ. 
 
നേരത്തെ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവർ ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് ഇക്കാര്യം പമ്പുകളെ അറിയിച്ചത്. ശനിയാഴ്ച രാത്രിയാണ് സര്‍വീസ് ചാര്‍ജ് സംബന്ധിച്ച് പെട്രോള്‍ പമ്പുടമകള്‍ക്ക് നോട്ടീസയച്ചത്. ഇതോടെ വിഷയം വാർത്തയായതോടെ സർവീസ് ചാർജ് തീരുമാനം പുനഃപരിശോധന നടത്തുമെന്ന് അധികൃതർ ഉറപ്പ് നൽകിയിരിക്കുകയാണ്.
 

വെബ്ദുനിയ വായിക്കുക