ഇരുട്ടടി വീണ്ടും; പാചകവാതകത്തിനും മണ്ണെണ്ണയ്ക്കും വില കൂട്ടണമെന്ന്
വെള്ളി, 4 ജൂലൈ 2014 (15:58 IST)
വിലക്കയറ്റത്തില്‍ പൊറുതിമുട്ടി നില്‍ക്കുന്ന ജനത്തിന് ഇരുട്ടടിയായി കേന്ദ്ര പെട്രോളിയം മന്ത്രാലയം പാചകവാതക സിലിണ്ടറിനും മണ്ണെണ്ണയ്ക്ക് വില വർദ്ധിപ്പിക്കാനൊരുങ്ങുന്നു.
പാചകവാതക സിലിണ്ടറിന് 250 രൂപയും മണ്ണെണ്ണയ്ക്ക് നാലു മുതൽ അഞ്ചു രൂപ വരെയും ഉയര്‍ത്തണമെന്നാണ് ആവശ്യം. ഈ കാര്യത്തിനായി കേന്ദ്ര മന്ത്രിസഭാ യോഗത്തിന് നൽകാനുള്ള കുറിപ്പ് മന്ത്രാലയം തയ്യാറാക്കി. ഡീസലിന് നിലവിലുള്ള പ്രതിമാസ വർദ്ധനയായ 50 പൈസ തുടരാനും നിർദ്ദേശമുണ്ട്.
ഡീസലിന്റെ വില പ്രതിമാസം 50 പൈസ വർദ്ധിപ്പിക്കുന്നതിന് അനുമതി നൽകിയ മുൻ യു.പി.എ സർക്കാരിന്റെ തീരുമാനം തുടരാനും മന്ത്രാലയം ശുപാർശ ചെയ്തു. ഒരു ലിറ്റർ ഡീസൽ വിൽക്കുന്നതിൽ ഉണ്ടാവുന്ന നഷ്ടമായ 3.40 രൂപ നികത്തുന്നത് വരെ ഈ വില വർദ്ധന തുടരണമെന്നാണ് മന്ത്രാലയത്തിന്റെ നിലപാട്. ഇന്ധന വില വർദ്ധന സംബന്ധിച്ച് ആസൂത്രണ കമ്മിഷൻ മുൻ അംഗം കിരിത് പരിഖിന്റെ ശുപാർശകൾ നടപ്പാക്കണമെന്നും മന്ത്രാലയം ആവശ്യപ്പെടുന്നു.
സബ്സിഡി 72,000 കോടിയായി കുറയ്ക്കുന്നതിന് വേണ്ടി ഡീസൽ വില ലിറ്ററിന് അഞ്ചു രൂപയും മണ്ണെണ്ണ ലിറ്ററിന് നാലു രൂപയും എൽ.പി.ജി സിലിണ്ടറിന് 250 രൂപയും കൂട്ടണമെന്ന് കമ്മിറ്റി കഴിഞ്ഞ വർഷം ഒക്ടോബറിൽ കേന്ദ്രത്തോട് ശുപാർശ ചെയ്തത്.