പിബിയും ചോദിച്ചു... സഖാവേ അരുവിക്കരയില്‍ നമ്മള്‍ എന്തുകൊണ്ടു തോറ്റു?

തിങ്കള്‍, 6 ജൂലൈ 2015 (16:39 IST)
രണ്ടുദിവസത്തെ സമ്മേളനത്തിനായി ചേര്‍ന്ന പിബിയോഗത്തില്‍ അരുവിക്കരയിലെ തരഞ്ഞെടുപ്പ് പരാജയം മുഖ്യ ചര്‍ച്ചാവിഷയമായി. വി‌എസും, പിണറായിയും പ്രവര്‍ത്തിച്ചിട്ടും അരുവിക്കരയില്‍ എങ്ങനെ പരാജയപ്പെട്ടു എന്ന് പിബിയുടെ ചോദ്യങ്ങള്‍ക്ക് കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ നല്‍കിയ മറുപടി പിബി സ്വീകരിച്ചില്ല. ഭരണദുരുപയോഗവും വര്‍ഗീയ ധ്രുവീകരണവും ആണ് യുഡിഎഫിനെ വിജയിപ്പിച്ചത് എന്നായിരുന്നു കേരളഘടകത്തിന്റെ മറുപടി.

കേന്ദ്രസര്‍ക്കാറിനെതിരെയുള്ള സമരങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള സി.പി.എം. പൊളിറ്റ്ബ്യൂറോ യോഗം ആണ് ഇന്ന് തുടങ്ങിയത്. എന്നാല്‍ ആദ്യദിവസം തന്നെ അരുവിക്കര തോല്‍വി ചര്‍ച്ചാവിഷയമായി. പ്രാഥമിക അവലോകനം ആണ് നടന്നത്. യോഗം നാളെയുംതുടരും. വി.എസ്സും പിണറായിയും ഒരുമിച്ച് ഒരേവേദിയില്‍ പ്രചാരണത്തിന് വരണമായിരുന്നെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഭരണവിരുദ്ധ വികാരം മുതലെടുക്കാനും ഇടതുമുന്നണിക്ക് കഴിഞ്ഞില്ല. പരാജയം എല്ലാവരുടെയും കണ്ണുതുറപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ആഗസ്ത് ഒന്നുമുതല്‍ 14 വരെ രാജ്യവ്യാപകമായി കേന്ദ്രവിരുദ്ധ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാന്‍ കഴിഞ്ഞ കേന്ദ്രക്കമ്മിറ്റി യോഗം തീരുമാനിച്ചിരുന്നു. ഇതിന്റെ ഒരുക്കങ്ങള്‍ പി.ബി. ചര്‍ച്ച ചെയ്യും. കൂടാതെ, പാര്‍ട്ടിക്ക് വിവിധ വിഭാഗങ്ങളില്‍ സ്വാധീനം വര്‍ധിപ്പിക്കുന്നതിനെക്കുറിച്ച് പരിശോധിക്കാന്‍ നിയോഗിക്കപ്പെട്ട മൂന്ന് പഠനസമിതികളുടെ റിപ്പോര്‍ട്ടുകളും പരിഗണനയ്ക്ക് വരും.

വെബ്ദുനിയ വായിക്കുക