പൊലീസിന് കാശുകൊടുത്ത് ജയിലില്‍ പോയികിടക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ തയ്യാറായിക്കോളൂ... തെലങ്കാനയിലെ ഈ ജയിലില്‍ താമസിക്കാന്‍ 500 രൂപയാണ് ഫീസ്. കൊളോണിയല്‍ ഭരണ കാലത്ത് നിര്‍മ്മിച്ച മേദക്ക് ജില്ലാ ജയിലിലാണ് വിനോദസഞ്ചാരവുമായി ബന്ധപ്പെടുത്തി ഇത്തരത്തില്‍ ഒരു ആശയം നടപ്പിലാക്കിയത്.
ജില്ലാ ആസ്ഥാനമായ സങ്കാറെഡ്ഡിയിലാണ് ഈ ജയില്‍ സ്ഥിതി ചെയ്യുന്നത്. 220 വര്‍ഷത്തോളം പഴക്കമുള്ളതാണ് ഈ ജയില്‍. ഇത് ഇപ്പോള്‍ മ്യൂസിയമായാണ് പ്രവര്‍ത്തിക്കുന്നത്. ‘ഫീല്‍ ദ ജയില്‍' എന്ന പേരിലാണ് ഈ പുതിയ പദ്ധതി. അഴിക്കുള്ളിലെ അനുഭവം അതേപടി സന്ദര്‍ശകര്‍ക്ക് പകരുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
500 രൂപ നല്‍കിയാല്‍ 24 മണിക്കൂര്‍ ജയിലില്‍ താമസിക്കാം. ധരിക്കാനായി ഖാദിയില്‍ നെയ്ത തടവുപുള്ളികളുടെ യൂണിഫോം, ഭക്ഷണത്തിനായുള്ള പാത്രങ്ങള്‍, കുളിക്കാനുള്ള സോപ്പ് എന്നിങ്ങനെ എല്ലാം എവിടെ ലഭ്യമാകും. ജയില്‍ മാന്വല്‍ പ്രകാരം തടവുപുള്ളികള്‍ക്കായി നല്‍കിയിരുന്ന സൗകര്യങ്ങള്‍ മാത്രമാണ് ഇവിടെ താമസിക്കാനെത്തുന്നവര്‍ക്കും നല്‍കുക.
തടവറ സ്വയം വൃത്തിയാക്കണം. താല്പര്യമുണ്ടെങ്കില്‍ ജയില്‍ പരിസരത്ത് വൃക്ഷത്തെകള്‍ നടാവുന്നതാണ്. 2012 വരെ ഇവിടെ തടവുപുള്ളികളെ പാര്‍പ്പിച്ചിരുന്നു. ദിവസവും ഒരുപാട് സന്ദര്‍ശകരുണ്ടെങ്കിലും ഇതുവരെ ആരും ഇവിടെ താമസിക്കാനുള്ള 'ധൈര്യം' കാട്ടിയിട്ടില്ല.