ജയ്‌ഷെ തലവന്‍ മസൂദ് അസ്ഹര്‍ പൊലീസ് കരുതല്‍ തടങ്കലിലിലെന്ന് പാക് പഞ്ചാബ് പ്രവിശ്യ നിയമമന്ത്രി
വെള്ളി, 15 ജനുവരി 2016 (12:24 IST)
പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനെന്ന് കരുതുന്ന ജയ്‌ഷെ മുഹമ്മദ് തലവന്‍ മൗലാനാ മസൂദ് അസ്ഹറിനെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതായി പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യ നിയമമന്ത്രി റാണ സനാവുല്ല. മസൂദിനെ അറസ്റ്റ് ചെയ്തിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. മസൂദും ഒപ്പം പിടികൂടിയവരും ഇപ്പോള്‍ പഞ്ചാബ് പൊലീസിന്റെ കരുതല്‍ തടങ്കലില്‍ ആണെന്നും അദ്ദേഹം വ്യക്തമാക്കി.
പത്താന്‍കോട്ട് ആക്രമണത്തില്‍ മസൂദിന്റെ പങ്ക് വ്യക്തമായാല്‍ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് റാണ അറിയിച്ചു. നിരോധിത സംഘടനയായ ജെയ്‌ഷെ മുഹമ്മദിനെതിരായ നടപടികളുമായി മുന്നോട്ട് പോകുമെന്നും റാണ പറഞ്ഞു. ആക്രമണം നടത്തിയത് ജെയ്‌ഷെ മുഹമ്മദ് ആണെന്ന് സംബന്ധിച്ച തെളിവുകള്‍ നേരത്തെ പാകിസ്ഥാന് ഇന്ത്യ കൈമാറിയിരുന്നു.
അതേസമയം, മസൂദിനെ അറസ്റ്റ് ചെയ്തിട്ടുണ്ടോ എന്നു പോലും വ്യക്തമാക്കാന്‍ പാകിസ്ഥാന്‍ തയ്യാറായിരുന്നില്ല. ഇതേത്തുടര്‍ന്ന് ഇന്ന് നടത്തേണ്ടിയിരുന്ന ഇന്ത്യ - പാക് വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ച മാറ്റി വെച്ചിരുന്നു.
മസൂദിന്റെ സഹോദരന്‍ റൗഫ് അടക്കം അഞ്ചുപേര്‍ക്ക് ഭീകരാക്രമണത്തിന്റെ ആസൂത്രണത്തില്‍ പങ്കുണ്ടെന്ന് ഇന്ത്യ ആരോപിച്ചിരുന്നു. ഭീകരാക്രമണത്തെ തുടര്‍ന്ന് ഏഴ് ഇന്ത്യന്‍ സൈനികരും ആറ് തീവ്രവാദികളും കൊല്ലപ്പെട്ടിരുന്നു.