നിരഞ്ജന്റെ മൃതദേഹം പാലക്കാട്ടെത്തിച്ചു, സംസ്കാരം ചൊവ്വാഴ്ച

തിങ്കള്‍, 4 ജനുവരി 2016 (18:56 IST)
രാജ്യത്തിനുവേണ്ടി ധീര രക്തസാക്ഷിത്വം വരിച്ച പാലക്കാട് സ്വദേശിയായ എന്‍എസ്ജി കമാന്‍ഡോ ലഫ്റ്റനന്റ് കേണല്‍ നിരഞ്ജന്റെ മൃതദേഹം ജന്മനാടായ പാലക്കാട് എത്തിച്ചു. ബംഗളൂരുവിലെ ജാലഹള്ളി എയര്‍ബേസില്‍ നിന്നും വ്യോമസേനയുടെ പ്രത്യേക ഹെലികോപ്ടറിലാണ് നാലു മണിയോടെ മൃതദേഹം പാലക്കാട് എത്തിച്ചത്.

ചൊവ്വാഴ്ച കെഎ യുപി സ്കൂളില്‍ പൊതുദര്‍ശനത്തിനു വക്കും. ഉച്ചയ്ക്കുശേഷം ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്കരിക്കും. ആയിരക്കണക്കിന് പേരാണ് നിരജ്ഞന് അന്ത്യാഞ്ജലി അർപ്പിക്കാൻ അവിടെയെത്തിയത്. മുഖ്യമന്ത്രി ഉമ്മൻചാണ്ടി മണ്ണാർക്കാട് എത്തി നിരഞ്ജന് ആദരാഞ്ജലിയർപ്പിക്കും.

പത്തന്‍കോട്ടിലെ എയര്‍ബേസ് ക്യാമ്പില്‍ ഞായറാഴ്ച രാവിലെ ഗ്രനേഡ് പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തിലാണ് നിരഞ്ജന്‍ കുമാര്‍ കൊല്ലപ്പെട്ടത്. പാലക്കാട് മണ്ണാര്‍ക്കാട് എളമ്പിലാശേരി കളരിക്കല്‍ രാജന്റെ മകനാണു നിരഞ്ജന്‍ കുമാര്‍. പുലാമന്തോള്‍ സ്വദേശി ഡോ രാധികയാണു ഭാര്യ. രണ്ടു വയസുകാരി വിസ്മയ മകളാണ്. ഏറെക്കാലമായി ഇവരുടെ കുടുംബം ബംഗളൂരുവിലാണു താമസം.

വെബ്ദുനിയ വായിക്കുക