പാര്‍ലമെന്റ് സ്തംഭനം: കേന്ദ്രസര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗം ഇന്ന്

Webdunia
തിങ്കള്‍, 3 ഓഗസ്റ്റ് 2015 (08:59 IST)
രണ്ടാഴ്ചയായി തുടരുന്ന പാര്‍ലമെന്റ് സ്തംഭനം ഒഴിവാക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗം ഇന്ന് നടക്കും. രാജി ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍ എങ്കില്‍ ആരോപണവിധേയരായ മന്ത്രിമാരുടെ രാജിയില്‍ കുറഞ്ഞൊരു ഒത്തുത്തീര്‍പ്പിനും തയ്യാറല്ലെന്ന് കോണ്‍ഗ്രസ് ആവര്‍ത്തിച്ച് വ്യക്തമാക്കിയിരിക്കെ സര്‍വകക്ഷിയോഗത്തില്‍ സമവായത്തിനുള്ള സാധ്യത വളരെ കുറവാണ്.

മണ്‍സൂണ്‍ സമ്മേളനത്തിന്‍െറ ആദ്യത്തെ രണ്ടാഴ്ച ഏറക്കുറെ മുഴുവന്‍ സമയവും പ്രതിപക്ഷ പ്രതിഷേധത്തില്‍ സഭാനടപടികള്‍ പൂര്‍ണമായും മുടങ്ങിയിരുന്നു. സഭാ സ്തംഭനം ഒഴിവാക്കാന്‍ സ്പീക്കര്‍ യോഗം വിളിച്ചുചേര്‍ത്തുവെങ്കിലും പരാജയപ്പെട്ടു. സര്‍വകക്ഷി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുക്കുമെന്നും സൂചനയുണ്ട്.

ചരക്ക് സേവന നികുതി ബില്ല് അടക്കമുള്ളവ പാസാക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ സര്‍വകക്ഷിയോഗത്തിന് തയ്യാറായത്. അതേസമയം, സര്‍വകക്ഷിയോഗത്തിലെടുക്കേണ്ട നിലപാട് ചര്‍ച്ചചെയ്യുന്നതിന് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗവും തിങ്കളാഴ്ച പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി വിളിച്ചിട്ടുണ്ട്.

മുന്‍ ഐപിഎല്‍ കമ്മീഷ്‌ണര്‍ ലളിത് മോഡിയെ വഴിവിട്ട് സഹായിച്ചെന്ന ആരോപണം നേരിടുന്ന സുഷമ സ്വരാജിന്റെയും രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധരരാജെയുടെയും വ്യാപം അഴിമതിയില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്‌ സിംഗ് ചൗഹാന്റെയും രാജിയാണ് കോണ്‍ഗ്രസ്സിന്റെയും ഇടതുപക്ഷത്തിന്റെയും പ്രധാന ആവശ്യം. ഇതിന് വഴങ്ങില്ലെന്ന നിലപാടിലാണ് ബിജെപി സര്‍ക്കാര്‍.