ഐഎൻഎസ് വിക്രമാദിത്യ രാജ്യത്തിന് സമർപ്പിച്ചു

Webdunia
ശനി, 14 ജൂണ്‍ 2014 (12:16 IST)
രാജ്യത്തെ ഏറ്റവും വലിയ യുദ്ധക്കപ്പലായ ഐഎൻഎസ്  വിക്രമാദിത്യ പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തിന് സമർപ്പിച്ചു. ഗോവയിലെ ഡബോളിം വിമാനത്താവളത്തില്‍ രാവിലെ പത്തരയോടെ എത്തിയ മോഡിയെ നാവികസേനാ മേധാവി റോബിൻ ധോവനും മറ്റു ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു.

റഷ്യയിൽ നിർമിച്ച കപ്പല്‍ 2013 നവംബര്‍ 16ന്‌ അന്ന് പ്രതിരോധ മന്ത്രിയായിരുന്ന എകെ ആന്റണിയാണ്‌ കമ്മിഷന്‍ ചെയ്‌തത്‌. 500 ടണ്‍ ഭാരവും 284 മീറ്റര്‍ നീളവും 60 മീറ്റര്‍ വീതിയുമുണ്ട്‌. മിഗ് 29 യുദ്ധവിമാനങ്ങൾ,​ സീ കിങ് ഹെലികോപ്ടറുകൾ തുടങ്ങിയവയ്ക്ക് പറന്നുയരാനും ഇറങ്ങാനുമുള്ള സൗകര്യങ്ങൾ കപ്പലിലുണ്ട്. നാവികര്‍ക്ക് 45 ദിവസംവരെ കടലില്‍ കഴിയുന്നതിനുവേണ്ട സാധനങ്ങള്‍ സംഭരിക്കാനും കഴിയും. 15,000 കോടി രൂപ മുടക്കി നിര്‍മിച്ചതാണ് കപ്പല്‍.

തുടര്‍ന്ന് പ്രധാനമന്ത്രി നാവികസേനയുടെ കപ്പലുകളുടെയും വിമാനങ്ങളുടെയും അഭ്യാസങ്ങള്‍ മോഡി വിലയിരുത്തി. കപ്പലിലെ മിഗ് 29 യുദ്ധവിമാനത്തിൽ കയറിയ മോഡിയ്ക്ക്  ഉദ്യോഗസ്ഥർ പ്രവർത്തന രീതിയും മനസിലാക്കിക്കൊടുത്തു. വിമാനങ്ങൾ പറന്നുയരുന്നതും ഇറങ്ങുന്നതും ഉള്‍പ്പെടെയുള്ള കാര്യങ്ങൾ മോഡിക്ക് ഉദ്യോഗസ്ഥർ വിവരിച്ചു നൽകി.