പരസ്പരം തോല്‍പ്പിച്ച കഥകളുമായി ഇന്ത്യന്‍, പാക് ചാനലുകള്‍

ശനി, 14 ഫെബ്രുവരി 2015 (19:02 IST)
ഇന്ത്യ- പാക് പോരാട്ടം ഇരു രാജ്യങ്ങള്‍ തമ്മിലുള്ള വൈകാരിക വിഷയമായതിനാല്‍ അത് മുതലെടുക്കാന്‍ ഇരു രാജ്യങ്ങാളിലേയും ചാനലുകള്‍ പണി തുടങ്ങി. ഇരു രാജ്യങ്ങളുടെയും പോരാട്ടത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കേ ഇന്ത്യയില്‍ സ്റ്റാര്‍ സ്പോര്‍ട്സ് പാകിസ്ഥാനെ ഇന്ത്യ തോല്‍പ്പിച്ച പരസ്യം പ്രദര്‍ശിപ്പിച്ച് തുടങ്ങിയിരുന്നു. അതിനു മറുപടിയായി ഇന്ത്യയെ തോല്‍പ്പിച്ച മുന്‍കാല ചരിത്രങ്ങള്‍ കോര്‍ത്തിണക്കി പാകിസ്ഥാന്‍ ടെലിവിഷന്‍ ചാനല്‍ വീഡിയോ പുറത്തിറക്കി.
 
ലോകകപ്പ് ക്രിക്കറ്റില്‍ ഇന്നേവരെ ഇന്ത്യയെ തോല്‍പ്പിക്കാന്‍ പാകിസ്ഥാന് കഴിഞ്ഞിട്ടില്ല എന്ന് കാട്ടുന്നതാണ് സ്റ്റാര്‍ സ്പോര്‍ട്സിന്റെ പരസ്യമെങ്കില്‍ ഒട്ടേറെ അവസരങ്ങളില്‍ ഇന്ത്യയെ പാക്കിസ്ഥാന്‍ തോല്‍പ്പിക്കുന്നതിന്റെ കാഴ്ചകള്‍ കോര്‍ത്തിണക്കിയാണ് പാകിസ്ഥാന്‍ ചാനലിന്റെ പ്രതികാരം. ലോകകപ്പില്‍ അഞ്ചുതവണ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടിയപ്പോഴൊക്കെ ഇന്ത്യയ്ക്കായിരുന്നു ജയം. ഇത്തവണ ചരിത്രം തിരുത്തിക്കുറിക്കുമെന്നു തന്നെയാണ് പാകിസ്ഥാന്‍ ടീം പറയുന്നത്.
 
എന്നാല്‍ ഇത്തവണ ചരിത്രം തിരുത്തപ്പെടുമെന്ന ഭയം ഇന്ത്യന്‍ ആരാധകര്‍ക്കുമുണ്ട്. കാരണം ഇന്ത്യക്കാരുടെ ക്രിക്കറ്റ് ദൈവമായ സച്ചിന്‍ ഇക്കുറി ലോകകപ്പിനില്ല എന്നതുതന്നെ. ഇന്ത്യ പാകിസ്ഥാനെ തോല്‍പ്പിച്ച മത്സരങ്ങളിലൊക്കെ മാസ്റ്റര്‍ ബ്ലാസ്റ്ററിന്റെ തകര്‍പ്പന്‍ ബാറ്റിംഗ് മുതല്‍കൂട്ടായിരുന്നു. എന്നാല്‍ ഇത്തവണ ആ ഭാഗ്യം ഇന്ത്യയുടെ കൂടെയില്ല. അതിനാല്‍ മറ്റാരോട് തോറ്റാലും ഇന്ത്യ പാകിസ്ഥാനൊട് തോല്‍‌ക്കരുത് എന്നാണ് ആരാധകര്‍ പ്രാര്‍ത്ഥിക്കുന്നത്.
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക