പാകിസ്ഥാന്‍ പ്രകോപനം തുടരുന്നു, അതിര്‍ത്തിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചു

ചൊവ്വ, 6 ജനുവരി 2015 (12:33 IST)
ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ സൈന്യത്തിന്റെ പ്രകോപനം തുടരുന്നു. ബിഎസ്എഫ് സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാകിസ്ഥാന്‍ റേഞ്ചേഴ്‌സ് വെടിവെപ്പും ഷെല്ലാക്രമണവും നടത്തി. ആക്രമണം തുടരുന്ന സാഹചര്യത്തില്‍ ബിഎസ്എഫ് മേധാവി ഡികെ പഥക് ഇന്ന് ജമ്മുവില്‍ സന്ദര്‍ശനം നടത്തും.
 
അതിര്‍ത്തിയിലെ സൈനിക ഔട്ട്പോസ്റ്റുകള്‍ സന്ദര്‍ശിക്കുന്ന പഥക് ഉന്നതസുരക്ഷ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. പാകിസ്ഥാന്‍ പ്രകോപനങ്ങളുടെ പശ്ചാത്തലത്തില്‍ പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അനിശ്ചിത കാല അവധി നല്‍കിയിട്ടുണ്ട്. കത്വ ജില്ലയിലെ ഹിരാനഗറിലും മാരേനിലേയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി നല്‍കിയത്. 
 
ഇന്നലെ പാകിസ്ഥാന്‍ നടത്തിയ വെടിവെപ്പില്‍ ഒരു ബിഎസ്എഫ് ജവാന്‍ മരിച്ചിരുന്നു. പാകിസ്താന്‍ ആക്രമണം ശക്തമാക്കിയതിനെത്തുടര്‍ന്ന് ഇന്ത്യാ അതിര്‍ത്തിമേഖലയിലെ നാലായിരത്തോളം ഗ്രാമീണരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കു നേരെ തിങ്കളാഴ്ച പാകിസ്താന്‍ ശക്തമായ ആക്രമണമാണ് നടത്തിയത്. പീരങ്കികളും യന്ത്രത്തോക്കുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. ജനവാസകേന്ദ്രങ്ങള്‍ക്കു നേരേയും ഷെല്ലാക്രമണമുണ്ടായി. ഇന്ത്യന്‍ സൈനികരും ശക്തമായി തിരിച്ചടിച്ചു.
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക