അതിര്‍ത്തിയില്‍ പാക് പ്രകോപനം തുടരുന്നു, 2013 നു ശേഷം വെടിനിര്‍ത്തല്‍ ലംഘിച്ചത് 1140 തവണ
വെള്ളി, 31 ജൂലൈ 2015 (10:20 IST)
ജമ്മു-കാശ്മീര്‍ അതിര്‍ത്തിയില്‍ പ്രകോപനം തുടരുന്ന പാക് നടപടികള്‍ കടുക്കുന്നതായു സൂചനകള്‍. 2013 നു ശേഷം അതിര്‍ത്തിയില്‍ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത് 1140 തവണയാണ്. 2013-ല്‍ 347 തവണയും 2014 ല്‍ 583 തവണയും 2015 ജൂണ്‍ 30 വരെ 199 തവണയും പ്രകോപനമുണ്ടായി. ബി.എസ്.എഫ് ജവാന്മാര്‍ മുഖ്യമായും കാക്കുന്ന അന്തര്‍ദേശീയ അതിര്‍ത്തിയിലാണ് ഏറ്റവും കൂടുതല്‍ തവണ വെടിവെപ്പുണ്ടായത്.
എന്നാല്‍ നിയന്ത്രണ രേഖയില്‍ ഇപ്പോള്‍ പതിവിനു വിരുദ്ധമായി വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ അധികം നടക്കുന്നില്ല. പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ രാജ്യസഭയില്‍ രേഖാമൂലം അറിയിച്ചതാണ് ഇത്. ഇന്ത്യയുടെ ബിഎസ്എഫ് ഉന്നത ഉദ്യോഗസ്ഥരും പാകിസ്താന്റെ റെയ്‌ഞ്ചേഴ്‌സ് മേധാവികളും അടുത്തമാസം ചര്‍ച്ച നടത്താനിരിക്കുകയാണ്. ചര്‍ച്ചക്കിടെ ഈ പ്രശ്‌നം ശക്തമായി ഉന്നയിക്കുമെന്നും മന്ത്രി അറിയിച്ചു.
അതേസമയം ഇന്നലെ വീണ്ടും അതിര്‍ത്തിയില്‍ പാക് വെടിവെയ്പ്പ് ഉണ്ടായി. കാശ്മീരില്‍ പൂഞ്ച് ജില്ലയിലെ കെജി സെക്ടറിലാണ് പാകിസ്ഥാന്‍ സൈന്യം പ്രകോപനമില്ലാതെ വെടിയുതിര്‍ത്തത്. ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിച്ചു. ഓട്ടോമാറ്റിക് റൈഫിളുകള്‍ ഉപയോഗിച്ചാണ് ഇത്തവണ പാകിസ്ഥാന്‍ ഇന്ത്യന്‍ സേനയ്ക്കെതിരെ ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് ഏറ്റവും ഒടുവിലായി ലഭിച്ചിരിക്കുന്ന വിവരം.
ഇന്നലെ രാവിലെ ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയില്‍ സൈനിക പോസ്റ്റിനു നേരേ പാകിസ്താന്‍ നടത്തിയ വെടിവെപ്പില്‍ ഇന്ത്യന്‍സൈനികന്‍ മരിച്ചിരുന്നു. 22 സിഖ് യൂണിറ്റിലെ രജ്പാല്‍ സിങ് ആണ് മരിച്ചത്. നിയന്ത്രണരേഖയ്ക്ക് സമീപത്തെ കൃഷ്ണഗാട്ടിയിലാണ് സംഭവം. ബുധനാഴ്ച മച്ചിലി, കുപ്‌വാര മേഖലകളില്‍ രണ്ടുതവണ പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായി സൈനികവക്താവ് പറഞ്ഞു.