പാക് പരാമർശം; അത്രമേൽ ഇഷ്ടമെങ്കിൽ സൽമാൻ ഖാന് പാകിസ്ഥാനിലേക്ക് പോകാമെന്ന് ശിവസേന

ശനി, 1 ഒക്‌ടോബര്‍ 2016 (11:53 IST)
പാക് താരങ്ങളെ പിന്തുണച്ച് രംഗത്തെത്തിയ ബോളിവുഡ് താരം സൽമാൻ ഖാനെ വിമർശിച്ച് ശിവസേന. പാകിസ്ഥാൻ താരങ്ങളെ അത്രമേൽ ഇഷ്ടമെങ്കിൽ അവരുടെ കൂടെ സൽമാൻ ഖാനും പാകിസ്ഥാനിലേക്ക് പോകാമെന്ന് ശിവസേന നേതാവ് മനീഷ കയേണ്ട പറഞ്ഞു. സംഭവത്തെ കുറിച്ച് വിശദമായി അറിഞ്ഞതിനു ശേഷം മാത്രം പ്രതികരിക്കുക എന്നും മനീഷ വ്യക്തമാക്കി.
 
പാകിസ്ഥാന്‍ കലാകാരന്മാര്‍ ഭീകരന്മാരല്ലെന്നായിരുന്നു സല്‍മാന്‍ ഖാന്‍ പറഞ്ഞത്. പാകിസ്ഥാനില്‍ നിന്നുള്ള അഭിനേതാക്കള്‍ കലാകാരന്മാരാണ്. അവര്‍ക്ക് പ്രവര്‍ത്തിക്കാനുള്ള അനുവാദവും വിസയുമൊക്കെ നല്‍കുന്നത് സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനെതിരെയാണ് ശിവസേന ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.
 
നേരത്തെ സംവിധായകനായ കരൺ ജോഹറും പാകിസ്ഥാൻ താരങ്ങളെ വിലക്കുന്നതിനെതിരെ രംഗത്തെത്തിയിരുന്നു. അതിനിടെ ഇന്ത്യന്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കിലെന്ന് പാകിസ്ഥാനിലെ തിയേറ്ററുടമകള്‍ വ്യക്തമാക്കി. ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഇന്ത്യന്‍ മോഷന്‍ പിക്ചേഴ്സ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പാക് താരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.
 

വെബ്ദുനിയ വായിക്കുക