വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി നടപ്പാക്കല്‍ വൈകുന്നതിനെതിരെ വിമുക്തഭടന്‍മാര്‍ പ്രക്ഷോഭത്തിലേക്ക്. അടുത്ത മാസം 14 ന് ഡല്‍ഹിയില്‍ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് തീരുമാനം.പദ്ധതിയില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ ഉടന്‍ നടപ്പാക്കാനാവശ്യപ്പെട്ടാണ് വിമുക്തഭടന്‍മാരുടെ പ്രക്ഷോഭം.
ഒരേ പദവിയില്‍ , ഒരേ കാല ദൈര്‍ഘ്യത്തില്‍ ജോലി ചെയ്തവര്‍ക്ക് ഏകീകൃത പെന്‍ഷന്‍ നല്‍കുകയാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഇത് ഏറെക്കാലം ധനവകുപ്പിന്റെ ഉടക്കില്‍ പെട്ട് കിടക്കുകയായിരുന്നു. ഇതിനെതിരെ വിമുക്തഭടന്‍മാര്‍ നടത്തിയ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കാമെന്ന വാഗ്ദാനം എന്‍ഡിഎ സര്‍ക്കാര്‍ നല്‍കിയിരുന്നു.
എന്നാല്‍ ഇത് നടപ്പിലാക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയതല്ലാതെ പദ്ധതി പ്രാബല്യത്തില്‍ വരുത്താനുള്ള യാതൊരു നടപടിയും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായില്ല. ഇതിലുള്ള പ്രതിഷേധമാണ് പ്രക്ഷോഭത്തിലേക്ക് വഴിമാറുന്നത്. വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതിയിലെ പോരായ്മകള്‍ക്കെതിരെയും പദ്ധതി നടപ്പാക്കല്‍ വൈകുന്നതിനെതിരെയും കേന്ദ്ര സര്‍ക്കാരിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചിരുന്നു. അതേ സമയം ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് നാവിക സേന മേധാവി ആര്‍ കെ ധവാന്‍ പറഞ്ഞു.