പഴയ നോട്ടുകൾ ബാങ്കുകളില്‍ നിക്ഷേപിക്കുന്നതിന് കര്‍ശന​ നിയന്ത്രണം; 5000 ന് മുകളിലുള്ള നിക്ഷേപം ഇനി ഒറ്റത്തവണമാത്രം

തിങ്കള്‍, 19 ഡിസം‌ബര്‍ 2016 (14:04 IST)
നോട്ട് അസാധുവാക്കലിനു പിന്നാലെ 500,1000 രൂപ നോട്ടുകൾ ബാങ്കുകളില്‍ നിക്ഷേപിക്കുന്നതിന്​ കേന്ദ്രസർക്കാർ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. ഡിസംബർ 30 വരെ 5000 രൂപയിൽ കൂടുതലുള്ള പഴയ നോട്ടുകള്‍ ഒരു തവണ മാത്രമേ നിക്ഷേപിക്കാന്‍പാടുള്ളൂയെന്ന പുതിയ നിയന്ത്രണമാണ് സര്‍ക്കാര്‍ ഏര്‍പെടുത്തിയത്. 
 
നിലവിൽ അക്കൗണ്ട് നിക്ഷേപങ്ങൾക്ക് പരിധി ഏർപ്പെടുത്തിയിരുന്നില്ല. എന്നാല്‍ ബാങ്ക് അക്കൗണ്ടുകളിലൂടെ കള്ളപ്പണം വെളുപ്പിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിക്ഷേപത്തിലും ധനകാര്യ മന്ത്രാലയം ഇത്തരത്തിലുള്ള നിയന്ത്രണം ഏര്‍പ്പെടുത്തിയത്. 
 
5000 രൂപയിൽ കൂടുതൽ നിക്ഷേപിക്കുന്നവർ എന്തുകൊണ്ടാണ്​ ഇത്രയും നാള്‍ പണം നിക്ഷേപിക്കാതിരുന്നതെന്ന്​ ബാങ്ക്​ ഉദ്യോഗസ്ഥര്‍ക്ക് വിശദീകരണം നല്‍കേണ്ടി വരും. ഈ വിശദീകരണം തൃപ്​തികരമാണെങ്കിൽ മാത്രമേ ബാങ്കില്‍ പണം സ്വീകരിക്കുകയുള്ളൂ. സംശയം തോന്നിയാല്‍ ബാങ്ക് ജീവനക്കാർക്ക് നിക്ഷേപകരെ ചോദ്യം ചെയ്യാമെന്നും ഉത്തരവിൽ പറയുന്നു.
 
സ്വകാര്യ–പൊതുമേഖല–സഹകരണ ബാങ്കുകള്‍ക്കും ഈ ഉത്തരവ് ബാധകമാണ്. അതേസമയം, കള്ളപ്പണം വെളുപ്പിക്കാനുള്ള പദ്ധതിയായ പ്രധാനമന്ത്രി ഗരീബ്​ കല്യാൺ യോജന പ്രകാരം ബാങ്ക്​ അക്കൗണ്ടുകളിൽ പണം നിക്ഷേപിക്കുന്നതിന് ഒരു തരത്തിലുള്ള​ നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ല.
 

വെബ്ദുനിയ വായിക്കുക