രാജ്യത്തെ എല്ലാ എണ്ണകമ്പനികളും നഷ്ടത്തിലാണെന്നുള്ള കേന്ദ്ര സര്‍ക്കാരിന്റെ വാദം പൊളിയുന്നു. രാജ്യത്തെ എട്ട് പൊതുമേഖല എണ്ണകമ്പനികളും വന്‍ ലാഭത്തിലാണെന്നും കഴിഞ്ഞ മൂന്നര വര്‍ഷത്തിനിടയില്‍ ലാഭവിഹിതമായി കേന്ദ്രസര്‍ക്കാരിന് നല്‍കിയത് 44,637 കോടി രൂപയാണെന്നുമുള്ള റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
സര്‍ക്കാരിന് ലാഭവിഹിതം നല്‍കിയതില്‍ ഒഎന്‍ജിസിയാണ് മുന്നിലെന്നും മൂന്നര വര്‍ഷത്തിനിടയില്‍ അവര്‍ നല്‍കിയത് 18, 710 കോടിരൂപയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അതേസമയം മറ്റുള്ള ഏഴ് കമ്പനികള്‍ ചേര്‍ന്ന് 25,927 കോടി രൂപയും നല്‍കിയതായും റിപ്പോര്‍ട്ടിലുണ്ട്.
അതേസമയം, പൊതുമേഖലാ സ്ഥാപനങ്ങളായ ഭാരത് പെട്രോളിയം ലിമിറ്റഡ്, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, എന്‍ജിനീയേഴ്‌സ് ഇന്ത്യ ലിമിറ്റഡ്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം ലിമിറ്റഡ് എന്നിവ ചേര്‍ന്ന് രാജ്യത്തെ ഏറ്റവും വലിയ റിഫൈനറി സ്ഥാപിക്കാനൊരുങ്ങുകയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. രണ്ട് ലക്ഷം കോടിയോളം രൂപ ചെലവ് വരുന്നതാണ് പദ്ധതി.
ആറ് കോടി ടണ്‍ വാര്‍ഷിക ഉദ്പാദനം സാധ്യമാകുന്ന റിഫൈനറിയും മെഗാ പെട്രോകെമിക്കല്‍ കോപ്ലക്‌സുമാണ് പദ്ധതിയിലുള്ളത്. രണ്ട് ഘട്ടങ്ങളായായിട്ടായിരിക്കും ഇത് സ്ഥാപിക്കുക. ഒന്നാംഘട്ടത്തില്‍ നാല് കോടി ടണ്‍ ആണ് ഉത്പാദന ലക്ഷ്യമെന്ന് ഇന്ത്യ ഓയില്‍ കോര്‍പ്പറേഷന്‍ റിഫൈനറീസ് ഡയറക്ടര്‍ സഞ്ജീവ് സിങ് പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.