വിജയുടെ പ്രസ്‌താവന സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കി ?; ബിഗിലിന്‍റെ ഓഡിയോ ലോഞ്ച് നടന്ന കോളേജിന് നോട്ടീസ്

മെര്‍ലിന്‍ സാമുവല്‍

ബുധന്‍, 25 സെപ്‌റ്റംബര്‍ 2019 (13:57 IST)
എഐഡിഎംകെ സര്‍ക്കാരിന്റെ കണ്ണിലെ കരടാണ് നടന്‍ വിജയ്. താരത്തിന്റെ ചിത്രങ്ങളെ വിവാദങ്ങളിലേക്കും വിലക്കുകളിലേക്കും തള്ളിവിടാന്‍ നേതാക്കള്‍ എന്നും ശ്രമിക്കാറുണ്ട്. തലൈവ, മെര്‍സല്‍, സര്‍ക്കാര്‍ എന്നീ സിനിമകളെല്ലാം കോടതി കയറിയിറങ്ങി.

ആറ്റ്‌ലി - വിജയ് കൂട്ടുക്കെട്ടില്‍ അടുത്തമാസം തിയേറ്ററുകളിലെത്തുന്ന ‘ബിഗില്‍’ എന്ന ചിത്രവും വിവാദങ്ങളില്‍ ചെന്നു ചാടുമോ എന്ന ആശങ്ക ആരാധകരിലുണ്ട്. സിനിമയുടെ ഓഡിയോ ലോഞ്ചിംഗ് ചടങ്ങിനിടെ ചെന്നൈയില്‍ ഫ്ലക്‍സ്  വീണ് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ വിജയ് നടത്തിയ ഒരു പ്രസ്‌താവനയാണ് തമിഴ്‌നാട് സര്‍ക്കാരിനെ അവസാനമായി ചൊടിപ്പിച്ചത്.

യുവതിയുടെ മരണത്തില്‍ ഫ്ലക്‍സ് പ്രിന്‍റ് ചെയ്‌തവരും, ലോറി ഡ്രൈവറും മാത്രമാണ് പിടിയിലായതെന്നും, ആദ്യം ജയിലിലാകണ്ടവര്‍ പുറത്ത് വിലസുകയാണെന്നുമായിരുന്നു വിജയ് പറഞ്ഞത്. താരത്തിന്റെ വാക്കുകള്‍ സമൂഹമാധ്യമങ്ങളിലടക്കം വൈറലായതോടെ സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിലായിരുന്നു.

വിജയ്‌ക്കെതിരെ പ്രതികരിക്കുന്നത് തിരിച്ചടിയുണ്ടാക്കുമെന്ന ഭയം മൂലം സിനിമയുടെ ഓഡിയോ ലോഞ്ചിന് വേദിയായ ചെന്നൈയിലെ സായിറാം എന്‍ഞ്ചിനീയറിംഗ് കോളേജിനെതിരെ നടപടി സ്വീകരിക്കുകയാണ് സര്‍ക്കാര്‍. ചടങ്ങിന് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ തേടി കോളേജിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് നോട്ടീസ് അയച്ചു.

അതേസമയം, കോളേജിന് എതിരായ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെയും കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്. വിജയുടെ പ്രസ്‌താവന നേരിടാന്‍ സാധിക്കാത്തതിനാല്‍ കോളേജിനെതിരെ ഒളിപ്പോര് നടത്തുകയാണ് അധികൃതരെന്ന വിമര്‍ശനവും ശക്തമാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍