കഴിഞ്ഞമാസം എട്ടാം തിയതി രാത്രി ആയിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്ത് 500 രൂപ, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതായി പ്രഖ്യാപിച്ചത്. രാജ്യത്ത് ചംക്രമണത്തില്‍ ഉണ്ടായിരുന്ന 14 ലക്ഷം കോടി രൂപയുടെ 500 രൂപ, 1000 രൂപ നോട്ടുകളാണ് ഒറ്റരാത്രി കൊണ്ട് അസാധുവായത്. കള്ളപ്പണക്കാരെയും കള്ളനോട്ടുകാരെയും പിടികൂടുക എന്ന ലക്‌ഷ്യത്തോടെ ആയിരുന്നു ഇത്. എന്നാല്‍, നോട്ട് അസാധുവാക്കലിനു വേണ്ടി സര്‍ക്കാരിനു വലിയ വില കൊടുക്കേണ്ടി വരും എന്നാണ് റിപ്പോര്‍ട്ടുകള്‍. 1.28 ലക്ഷം കോടി രൂപ നോട്ട് അസാധുവാക്കലിനു നല്കേണ്ടി വരുമെന്ന് മുംബൈ ആസ്ഥാനമായ സെന്റര്‍ ഫോര്‍ മോണിട്ടറിങ് ഇന്ത്യന്‍ ഇക്കോണമി ആണ് പഠനം നടത്തി കണ്ടെത്തിയത്.
രാജ്യത്ത് നോട്ടുകള്‍ അസാധുവാക്കിയ സാഹചര്യത്തില്‍ പുതിയ നോട്ടുകള്‍ അച്ചടിക്കാന്‍ 10, 900 കോടി രൂപയും 50 ദിവസം കൊണ്ട് ഇവ ബാങ്കുകളിലും എ ടി എമ്മുകളിലും എത്തിക്കാന്‍ വേണ്ടത് 1600 കോടി രൂപയുമാണ്.
നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്ന് ടോള്‍ ഈടാക്കുന്നത് ഒഴിവാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ ദേശീയപാതകളിലെ ടോള്‍ കരാറുകാര്‍ക്ക് 4000 കോടി രൂപയാണ് നല്കേണ്ടത്. കറാറുകാര്‍ക്ക് ഓരോ ദിവസവും 80-90 കോടി രൂപയാണ് ഇങ്ങനെ നഷ്‌ടമാകുന്നത്.
നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് കടുത്ത പ്രതിസന്ധിയാണ് പൊതുജനം. കൈയിലുള്ള അസാധുവായ നോട്ടുകള്‍ മാറ്റിയെടുക്കാനും നിക്ഷേപിക്കാനും എ ടി എമ്മില്‍ നിന്ന് പണമെടുക്കാനും ദിവസങ്ങളാണ് ജനം ബാങ്കുകള്‍ക്കും പോസ്റ്റ് ഓഫീസുകള്‍ക്കും മുന്നില്‍ ക്യൂ നില്ക്കുകയാണ്. ഇങ്ങനെ മാത്രം രാജ്യത്തിന് നഷ്‌ടം 15, 000 കോടി രൂപയാണ്.
കൂടാതെ, എ ടി എമ്മുകള്‍ പുന:ക്രമീകരിക്കാനുള്ള ചെലവ്, ബാങ്കുകളിലെയും പോസ്റ്റ് ഓഫീസുകളിലെയും ജീവനക്കാരുടെ ശമ്പളം, അധികവേതനം എന്നിവയ്ക്കെല്ലാമായി 35, 100 കോടി രൂപയാണ് വേണ്ടത്. ഒരു എ ടി എം പുന:ക്രമീകരിക്കാന്‍ 10, 000 രൂപയാണ് വേണ്ടത്. രാജ്യത്ത് 2.02 ലക്ഷം എ ടി എമ്മുകളാണ് ഉള്ളത്. വ്യാപാരവ്യവസായ മേഖലയില്‍ 61, 500 കോടി രൂപയുടെ നഷ്‌ടം ഉണ്ടെന്നാണ് കണക്ക്.