മഹാരാഷ്ട്രയില്‍ ബിജെപിയുമായുള്ള സഖ്യം പിരിഞ്ഞതില്‍ ശിവസേനയെ കുറ്റപ്പെടുത്താനില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ബാല്‍താക്കറെയുടെ ഓര്‍മകളോട് അനാദരവ് കാണിക്കാന്‍ താല്‍പര്യമില്ലാത്തതുകൊണ്ടാണിതെന്നും മോഡി വ്യക്തമാക്കി. താക്കറെയുടെ സാന്നിധ്യമില്ലാത്ത ആദ്യത്തെ വോട്ടെടുപ്പാണിത്. ജനങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി നിലകൊണ്ട വ്യക്തിയായിരുന്നു അദ്ദേഹം. മഹാരാഷ്ട്രയിലെ സാംഗില്‍ ജില്ലയില്‍ തിരഞ്ഞെടുപ്പു പ്രചരണ റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു മോഡി.
സാംഗിലുമായി തനിക്ക് വളരെ അടുത്ത ബന്ധമുണ്ട്. 1960 ലാണ് ഗുജറാത്ത് പിറവിയെടുത്തത്. അതുവരെ മഹാരാഷ്ട്രയുടെ ഭാഗമായിരുന്നു ഗുജറാത്ത്. ഇപ്പോഴും ഗുജറാത്ത് മഹാരാഷ്ട്രയുടെ ഇളയസഹോദരനെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പു പ്രചരണത്തിനു വേണ്ടി ഞാന്‍ ഇവിടെ വന്നിരുന്നു. അന്നു നിങ്ങളോട് ബിജെപിയെ വിജയിപ്പിക്കാന്‍ ആവശ്യപ്പെട്ടു. പക്ഷേ നിങ്ങള്‍ ചോദിച്ചതിനെക്കാള്‍ അധികം തന്നു. മഹാരാഷ്ട്രയിലെ സാധാരണ ജനങ്ങളുടെയും കര്‍ഷകരുടെയും ക്ഷേമത്തിനു വേണ്ടി പ്രവര്‍ത്തിക്കുമെന്നും മോഡി വ്യക്തമാക്കി.