“അവരുടെ അവയവങ്ങൾ തകരാറിലായിരുന്നു, രേഖകളില്‍ വിരലടയാളം പതിപ്പിച്ചത് ഞാന്‍ നോക്കി നില്‍ക്കെ”; വെളിപ്പെടുത്തലുമായി ജയലളിതയെ ചികിത്സിച്ച ഡോക്‍ടര്‍ രംഗത്ത്

Webdunia
തിങ്കള്‍, 6 ഫെബ്രുവരി 2017 (15:28 IST)
തമിഴ്‌നാട് മുഖ്യമന്ത്രിയായി എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി ശശികല നടരാജന്‍ എത്തുമെന്ന് ഉറപ്പായതിന് പിന്നാലെ പുതിയ വെളിപ്പെടുത്തലുമായി മുന്‍ മുഖ്യമന്ത്രി ജെ ജയലളിതയെ ചികിത്സിച്ച ലണ്ടനിൽ നിന്നുള്ള ഡോക്ടർ റിച്ചാർഡ് ബെലേ.

ജയലളിതയെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ എത്തിച്ചത് ഒന്നിലധികം അവയവങ്ങൾ തകരാറിലായ നിലയിലാണ്. ആരോഗ്യനിലയില്‍ പുരോഗതിയുണ്ടാക്കുന്നതിനാണ് ആദ്യം ശ്രദ്ധിച്ചത്. തുടര്‍ ചികിത്സയില്‍ രക്‍തത്തില്‍ കടുത്ത അണുബാധ അല്ലെങ്കില്‍  വിഷബാധയുണ്ടാകുന്ന സെപ്പിസിസ് ബാക്‍ടീരിയ ശരീരത്തില്‍ കണ്ടെത്തി.
കൂടാതെ പ്രമേഹം കൂടുതലായിരുന്നതിനാൽ അസുഖങ്ങൾ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രമേഹം കൂടിയതാണ് നില വഷളാകുന്നതിനും മരണം സംഭവിക്കുന്നതിനും കാരണമായത്. ജയലളിതയുടെ മൃതദേഹം എംബാം ചെയ്‌തിരുന്നു. സെപ്പിസിസ് ബാക്‍ടീരിയ കണ്ടെത്തിയതിനാല്‍ കൂടുതലായി തുടര്‍ ചികിത്സകള്‍ നടത്താന്‍ സാധിച്ചില്ല. നല്ല ബോധത്തോടെയാണ് അവർ ഒദ്യോഗിക രേഖകളില്‍ വിരലടയാളം പതിപ്പിച്ചത്. ആ സമയം താന്‍ ഒപ്പമുണ്ടായിരുന്നുവെന്നും റിച്ചാർഡ് ബെലേ പറഞ്ഞു.

ജയലളിതയുടെ മരണത്തിന് കാരണമായത് സെപ്പിസിസ് എന്ന ബാക്‍ടീരിയ ആണെന്ന് വെബ്‌ദുനിയ നേരത്തെ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. സെപ്‌റ്റിസെമിയ മൂർച്ഛിച്ചാണ് സെപിസിസ് എന്ന അവസ്ഥയിലേക്ക് എത്തുന്നത്. രക്തത്തിലൂടെ പടരുന്ന ഈ ബാക്‍ടീരിയ കിഡ്‌നി, മൂത്രനാളം, അടിവയറിൽ ഉണ്ടാകുന്ന അണുബാധകൾ, ശ്വാസകോശത്തിലെ അണുബാധയെത്തുടര്‍ന്നുണ്ടാകുന്ന ന്യൂമോണിയ എന്നിവയ്‌ക്കെല്ലാം കാരണമാകും.
Next Article