ഭാര്യയെ കൊലപ്പെടുത്തി ശരീരം വെട്ടിനുറുക്കിയ ശേഷം മറവു ചെയ്ത ഭര്‍ത്താവ് അറസ്റ്റില്‍
തിങ്കള്‍, 18 ഏപ്രില്‍ 2016 (11:33 IST)
സൗത്ത് ഡല്‍ഹിയിലെ ഫത്തേപുര്‍ ബേരിയില്‍ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ശരീരം വെട്ടിനുറുക്കി മറവു ചെയ്ത ഭര്‍ത്താവ് അറസ്റ്റില്‍. ഡല്‍ഹിയിലെ ഒരു ഹോട്ടലില്‍ പാചകക്കാരന്‍ കൂടിയായ ഗുല്‍ബുദ്ദീനാണ് ഭാര്യ ഫുല്ലു ബീഗത്തെയാണ് ക്രൂരമായി കൊലപ്പെടുത്തിയത്. മറ്റൊരു വിവാഹം കഴിച്ച ഇയാള്‍ ആദ്യ ഭാര്യയെ ഒഴിവാക്കുന്നതിനു വേണ്ടിയാണ് ഇത്തരത്തിലൊരു ക്രൂരകൃത്യം ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ക്രൂരമായ ഈ സംഭവം നടന്നത്. ഇവരുടെ പതിനഞ്ചു വയസുള്ള മകള്‍ ഉറങ്ങുന്ന സമയം നോക്കിയാണ് ഗുല്‍ബുദ്ദീന്‍ ഭാര്യയെ കുത്തി കൊലപ്പെടുത്തിയത്. കൃത്യം നടത്തിയശേഷം കുളിമുറിയിലേക്കു വലിച്ചുകൊണ്ടുപോയ ഭാര്യയുടെ ശരീരം അയാള്‍ വെട്ടിനുറുക്കി വീടിന്റെ സമീപത്ത് മറവു ചെയ്യുകയായിരുന്നു. അമ്മയെ കാണാത്തതിനെ തുടര്‍ന്ന് മകള്‍ ഫത്തേപുര്‍ ബേരി പൊലീസ് സ്‌റ്റേഷനില്‍ പരാതിയുമായി എത്തിയിരുന്നു. തുടര്‍ന്നാണ് ദാരുണമായ ഈ സംഭവത്തിന്റെ ചുരുളഴിഞ്ഞത്.
കേസുമായി ബന്ധപ്പെട്ട് ഗുല്‍ബുദ്ദീന്‍ ഉള്‍പ്പെടെ നിരവധിപേരെ പെലീസ് ചോദ്യം ചെയ്തു. ആദ്യം എല്ലാം നിഷേധിച്ചെങ്കിലും തുടര്‍ച്ചയായ ചോദ്യം ചെയ്യലില്‍ ഭാര്യയെ കൊലപ്പെടുത്തിയ വിവരം ഗുല്‍ബുദ്ദീന്‍ സമ്മതിക്കുകയായിരുന്നു. ഭാര്യയുടെ ശരീരം മറവു ചെയ്ത സ്ഥലത്ത് ഇയാളെ കൊണ്ടുപോയി തെളിവെടുക്കുകയും ചെയ്തു. തുടര്‍ന്നാണ് അഴുകിയ നിലയില്‍ ഫുല്ലു ബീഗത്തിന്റെ ശരീരവും കൊലയ്ക്കുപയോഗിച്ച കത്തിയും പൊലീസ് കണ്ടെടുത്തത്.