തന്നെ അറസ്റ്റ് ചെയ്തതുകൊണ്ടോ പാസ്പോർട്ട് റദ്ദാക്കിയതുകൊണ്ടോ ബാങ്കുകൾക്ക് ഒരു രൂപപോലും തിരികെ കിട്ടില്ലെന്ന് വിവാദ മദ്യവ്യവസായി വിജയ് മല്യ. ഇന്ത്യയിൽനിന്നും തന്നെ നിർബന്ധിപ്പിച്ച് നാടുകടത്തുകയായിരുന്നുയെന്നും വിജയ് മല്യ ആരോപിച്ചു. ഫിനാൻഷ്യൽ ടൈംസ് എന്ന രാജ്യാന്തര വാർത്താ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു മല്യയുടെ പ്രതികരണം.
ഒരു ഇന്ത്യക്കാരനാണെന്നതില്‍ താന്‍ അഭിമാനിക്കുന്നു. എന്നാൽ ഈ സാഹചര്യത്തിൽ യു കെയിൽ തുടരുന്നതാണ് എന്തുകൊണ്ടും സുരക്ഷിതം. തല്‍ക്കാലം യു കെ വിട്ടു പോകാൻ ഒരു പദ്ധതിയും തനിക്കില്ലെന്നും മല്യ പറഞ്ഞു. ബാങ്കുകളുമായി താന്‍ ചർച്ചകൾ നടത്തിയിരുന്നു. വായ്പാ തുക അടച്ചുതീർക്കണമെന്നുതന്നെയാണ് താനും ആഗ്രഹിക്കുന്നത്. വായ്പാ ഇനത്തിൽ 6,868 കോടി രൂപ തിരിച്ചടക്കാമെന്നു പറഞ്ഞിരുന്നു. എന്നാൽ തന്റെ വാഗ്ദാനത്തെ ബാങ്കുകളുടെ കൺസോർഷ്യം തള്ളിക്കളയുകയായിരുന്നുവെന്നും മല്യ കുറ്റപ്പെടുത്തി. ബാങ്കുകൾ പറയുന്നതുപോലുള്ള വലിയ തുക അടയ്ക്കാന്‍ തനിക്ക് സാധിക്കില്ല. വായ്പാ കുടിശിക എത്രയെന്ന കാര്യത്തില്‍ ബാങ്കുകൾക്ക് തീരുമാനമെടുക്കാം. എന്നാൽ അത് തനിക്ക് തങ്ങാൻ കഴിയുന്നതായിരിക്കണമെന്നും മല്യ പറഞ്ഞു.
കിങ്ഫിഷർ എയർലൈൻസിന്റെ പേരിൽ 9900 കോടി രൂപയുടെ വായ്പയെടുത്ത ശേഷം തിരിച്ചടയ്ക്കാതെ ലണ്ടനിലേക്കു മുങ്ങിയ മല്യയ്ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് നിലനിൽക്കുന്നുണ്ട്. മാർച്ച് രണ്ടിനായിരുന്നു മല്യ ഇന്ത്യ വിട്ടത്. മല്യയുടെ പാസ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കുകയും ചെയ്തിരുന്നു.