നെഹ്രുവിന്റെ 125-ാം ജന്മ വാര്‍ഷികം: മോഡിക്ക് ക്ഷണമില്ല

ബുധന്‍, 12 നവം‌ബര്‍ 2014 (10:02 IST)
ജവഹര്‍ലാല്‍ നെഹ്രുവിന്റെ 125-ാം ജന്മവാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന അന്താരാഷ്ട്രസമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് ക്ഷണമില്ല. ഇക്കാര്യം കോണ്‍ഗ്രസ് പാര്‍ട്ടി വക്താവ് ആനന്ദ് ശര്‍മ സ്ഥിരീകരിച്ചു.
 
നവംബര്‍ 17, 18 തീയതികളില്‍ ഡല്‍ഹിയിലെ വിജ്ഞാന്‍ഭവനില്‍ നടക്കുന്ന സമ്മേളനത്തില്‍ 55 ലോക രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. പ്രധാനമന്ത്രിയെ തങ്ങള്‍ ക്ഷണിച്ചിട്ടില്ലെന്നും അദ്ദേഹം ഈ സമയത്ത് വിദേശസന്ദര്‍ശനത്തിലാണെന്നുമാണ് കോണ്‍ഗ്രസിന്റെ വിശദീകരണം.
 
'നെഹ്രുവിന്റെ ആഗോളവീക്ഷണവും പൈതൃകവും - ജനാധിപത്യത്തിലെ പങ്കാളിത്തവും ശാക്തീകരണവും' എന്നതാണ് സമ്മേളനത്തിന്റെ പ്രധാനവിഷയം. ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെയും ചൈനാകമ്യൂണിസ്റ്റ് പാര്‍ട്ടിയുടേയും പ്രതിനിധികളും പങ്കെടുക്കും.
 
ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ ഒന്‍പതംഗ സംഘമായിരിക്കും കോണ്‍ഗ്രസിനെ പ്രതിനിധാനംചെയ്ത് സമ്മേളനത്തില്‍ പങ്കെടുക്കുക. സമ്മേളന വെബ്‌സൈറ്റിന്റെ പ്രകാശനം തിങ്കളാഴ്ച എഐസിസി ആസ്ഥാനത്ത് നടന്നു. നെഹ്രുവിന്റെ പ്രസംഗങ്ങളും രചനകളും ഉള്‍പ്പെടുത്തിയതാണ് സൈറ്റ്. 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍