ഫോര്‍ വീല്‍ ഡ്രൈവ് മോഡലുമായി സുസുക്കിയുടെ പുതിയ എസ് യു വി 'ജിംനി' ഇന്ത്യയിലേക്ക്

വെള്ളി, 29 ജൂലൈ 2016 (15:36 IST)
ഓൺറോഡും ഓഫ്റോഡും ഒരുപോലെ ഇണങ്ങുന്ന സുസുക്കിയുടെ ചെറു എസ് യു വി ജിംനി ഇന്ത്യയിലെ സബ് കോംപാക്റ്റ് എസ് യു വി സെഗ്‍‌മെന്റിലേയ്ക്ക് അങ്കത്തിനെത്തുന്നു. രാജ്യാന്തര വിപണിയില്‍ ജിംനിയുടെ നാലാം തലമുറ ജിപ്സിയുടെ രണ്ടാം തലമുറയായിട്ടാകും ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്. ഡീസൽ എൻജിനില്‍ വാഹനം വിപണിയിലെത്താന്‍ സാധ്യതയില്ലെന്നാണ് കമ്പനിയിൽ നിന്ന് ലഭിക്കുന്ന അനൗദ്യോഗിക വിവരങ്ങൾ.
 
2002ല്‍ ഓട്ടോ എക്‌സ്‌പോയിലാണ് ഈ വാഹനം ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നത്. എന്നാല്‍ ഇന്ത്യന്‍ വിപണിയില്‍ ഈ വാഹനം ലഭ്യമാക്കിയിരുന്നില്ല. സുസുക്കിയുടെ മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് രാജ്യാന്തര വിപണിക്കായി ഇന്ത്യയിൽ വാഹനം നിർമിക്കുന്നത്. മാരുതിയുടെ ഗുജറാത്ത് നിർമാണ ശാലയിൽ 2017ല്‍ ജിംനിയുടെ നിര്‍മാണം ആരംഭിക്കും. നാലാം തലമുറയാണ് ഇന്ത്യയില്‍ നിര്‍മിച്ച് കയറ്റുമതിക്കൊരുങ്ങുന്നത്. 
 
യൂറോപ്പിലേയും ജപ്പാനിലേയും ദക്ഷിണേഷ്യയിലേയും ബ്രസീലിലേയും വിപണികളിലേക്കുള്ള ജിംനിയാണ് ആദ്യഘട്ടത്തില്‍  ഇന്ത്യയിൽ നിർമിക്കുന്നത്. 1.0 ലിറ്റര്‍ ബൂസ്റ്റര്‍ജെറ്റ് പെട്രോള്‍ എന്‍ജിനായിരിക്കും വാഹനത്തിന് ഉണ്ടാകുക. ബലേനൊയും മാരുതി ഉടൻ പുറത്തിറക്കുന്ന ചെറു എസ് യു വി ഇഗ്‍‌നിസും നിർമിക്കുന്ന അതേ പ്ലാറ്റ്ഫോമിലാണ് ജിംനിയും നിര്‍മിക്കുന്നത്. ഡീസല്‍ 1.4 ലിറ്റര്‍ ബൂസ്റ്റര്‍ജെറ്റ് വേരിയന്റും പരിഗണനയിലുണ്ട്.
 
ലൈറ്റ് ജീപ്പ് മോഡൽ എന്ന പേരിൽ 1970 ലാണ് ജപ്പാനീസ് വിപണിയിൽ ജിംനി എത്തിയത്. ആ ജിംനിയുടെ രണ്ടാം തലമുറയുടെ പരിഷ്‌കരിച്ച രൂപമാണ് ഇന്ത്യയിലെ ജിപ്‌സി. തുടര്‍ന്ന് 1981 ൽ രണ്ടാം തലമുറയും 1998 ൽ മൂന്നാം തലമുറയും പുറത്തിറങ്ങിയിരുന്നു. കാര്യമായ മാറ്റങ്ങളില്ലാതെ വിപണിയിൽ തുടരുന്ന മൂന്നാം തലമുറയില്‍ നിന്നും അടിമുടി മാറ്റങ്ങളുമായിട്ടായിരിക്കും നാലാം തലമുറ പുറത്തിറങ്ങുന്നത്. 
 
വാഹനത്തിന്റെ വിലയെ കുറിച്ച് വ്യക്തമായ സൂചനയില്ല. 6000 ആര്‍ പി എമ്മില്‍ 84 ബി എച്ച് പി കരുത്തുള്ള 4- സിലിണ്ടര്‍, 1328സി സി എം പി ഐ എഞ്ചിനാണ് ജിംനിക്കുള്ളത്. കൂടാതെ 5 സ്പീഡ് മാനുവല്‍ ഗിയര്‍ സിസ്റ്റവും വാഹനത്തിനുണ്ട്. 135കിലോമീറ്ററുമാണ് പരമാവധി വേഗത. ഫോര്‍ വീല്‍ ഡ്രൈവ് മോഡലുമായി ജിപ്സി എന്ന പേരില്‍ ഇന്ത്യയിൽ പുറത്തിറങ്ങുന്ന വാഹനം വിപണിയില്‍ വന്‍ ചലനങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക