നടിമാരുമായുള്ള രഹസ്യ ബന്ധം പരസ്യപ്പെടുത്തി; നടനെതിരെ വനിതാ കമ്മീഷനിൽ പരാതി
തിങ്കള്‍, 30 ഒക്‌ടോബര്‍ 2017 (19:02 IST)
ആത്മകഥയിലൂടെ സഹപ്രവർത്തകരായ നടിമാരെ അപമാനിച്ചു എന്നാരോപിച്ച് ബോളിവുഡ് നടൻ നവാസുദ്ദീൻ സിദ്ദീഖിയ്ക്കെതിരെ വനിതാ കമ്മീഷനിൽ പരാതി. ഡൽഹി സ്വദേശിയായ ഗൗതം ഗുലാത്തിയെന്ന അഭിഭാഷകയാണ് താരത്തിനെതിരെ സ്ത്രീപീഡന നിരോധന നിയമ പ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
ആൻ ഓർഡിനറി ലൈഫ്: എ മൊമോയിർ എന്ന ആത്മകഥയിലൂടെയാണ് നവാസുദ്ദീൻ സിദ്ദീഖി തന്റെ സഹപ്രവർത്തകരായ നടിമാരുമായുണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് പരാമര്‍ശിക്കുന്നത്. ഇവരുമായി തനിക്കുണ്ടായിരുന്ന ബന്ധം എങ്ങനെയുള്ളതായിരുന്നുവെന്നും അദ്ദേഹം തന്റെ പുസ്‌തകത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഇതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.
സിദ്ദീഖിക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് പരാതിക്കാരിയായ അഭിഭാഷക ഉന്നയിക്കുന്നത്. ബുക്കില്‍ പരാമര്‍ശിക്കപ്പെടുന്ന സ്‌ത്രീകളുടെ ജീവിതത്തെക്കുറിച്ച് അദ്ദേഹം ചിന്തിച്ചിട്ടില്ല. പണത്തിനും പ്രശസ്‌തിക്കും വേണ്ടിമാത്രാണ് അദ്ദേഹം ഈ പ്രവര്‍ത്തി ചെയ്‌തിരിക്കുന്നത്. സ്ത്രീകളുടെ മാനത്തെ വിൽപ്പനച്ചരക്കാക്കി നേട്ടമുണ്ടാക്കാനാണ് സിദ്ദീഖി തന്റെ ആത്മകഥയിലൂടെ ശ്രമം നടത്തിയതെന്നും ഗൗതം ഗുലാത്തി ആരോപിക്കുന്നു.
ആത്മകഥയിലൂടെ നിഹാരിക സിംഗ്, സുനിതാ രാജ്‌വാര്‍ എന്നീ യുവതികളെക്കുറിച്ചാണ് സിദ്ദീഖി പരാമര്‍ശം നടത്തുന്നത്. സുനിതയുമായി രഹസ്യ ബന്ധമുണ്ടായിരുന്നുവെന്നും അദ്ദേഹം ആരോപിക്കുന്നുണ്ട്. എന്നാല്‍, പുസ്‌തകത്തില്‍ പറയുന്ന കാര്യങ്ങള്‍ താള്ളി ഇരുവരും രംഗത്തെത്തിയിരുന്നു.