പനാമ അഴിമതിക്കേസില്‍ സുപ്രീംകോടതി ഉത്തരവ് വന്നതിന് പിന്നാലെ നവാസ് ഷെരീഫ് പാകിസ്ഥാന് പ്രധാനമന്ത്രി സ്ഥാനം രാജിവച്ചു. ഷെരീഫും കുടുംബവും അനധികൃതമായി സ്വത്തുസമ്പാദിച്ചെന്ന് കോടതി വ്യക്തമാക്കിയതിന് പിന്നാലെയാണ് രാജി.
പനാമ അഴിമതിക്കേസിലെ റിപ്പോര്‍ട്ട് ശരിവച്ച കോടതി ഷെരീഫിനെ അയോഗ്യനാക്കി ഉത്തരവിട്ടിരുന്നു. ജസ്റ്റിസ് ഇജാസ് അഫ്സൽ ഖാൻ അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിന്റേതാണു സുപ്രധാന വിധി. ഇതോടെ പാകിസ്ഥാന് കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലായി.
അനധികൃതമായി സ്വത്തുസമ്പാദിച്ചെന്ന കണ്ടെത്തൽ ശരിവച്ച കോടതി ഷെരീഫിനും കുടുംബത്തിനുമെതിരെ ക്രിമിനല്‍ കേസെടുത്തു വിചാരണ ചെയ്യണമെന്നും ആറു മാസത്തിനകം നടപടികൾ പൂർത്തിയാക്കണമെന്നും നിർദേശിച്ചു.
1990കളിൽ പ്രധാനമന്ത്രിയായിരിക്കെ ഷെരീഫ് നടത്തിയ അഴിമതികളെക്കുറിച്ചുള്ള വിവരങ്ങൾ പാനമ രേഖകളിലൂടെയാണു പുറത്തുവന്നത്. ഷെരീഫിനെതിരെ കേസെടുക്കണമെന്നും പ്രധാനമന്ത്രി സ്ഥാനത്തുനിന്നു അയോഗ്യനാക്കണമെന്നും ആവശ്യപ്പെട്ട് മുന്‍ ക്രിക്കറ്റ് താരവും പാകിസ്ഥാന് തെഹ്രീക് ഇ ഇന്‍സാഫ് നേതാവുമായ ഇമ്രാന് ഖാനാണു പരാതി നല്‍കിയത്.
മൊസാക് ഫൊന്‍സേക എന്ന നിയമസഹായ സ്ഥാപനം വഴി ലണ്ടനില്‍ ഷെരീഫീന്റെ കുടുംബം കള്ളപ്പണം വെളുപ്പിച്ച് സ്വത്തുക്കള്‍ വാങ്ങികൂട്ടിയെന്നാണ് പനാമ രേഖകളിലുള്ളത്. ഷെരീഫ് സമർപ്പിച്ച ധനകാര്യ സ്റ്റേറ്റ് മെന്റിൽ ഈ സ്വത്തുക്കൾ സംബന്ധിച്ചു വിവരങ്ങളൊന്നും ഉണ്ടായിരുന്നില്ല. പിന്നീട് ചോർന്നു കിട്ടിയ പാനമ രേഖകളിലൂടെയാണ് അനധികൃത
സ്വത്തിന്റെ വിശദാംശങ്ങൾ പുറത്തായത്.