സിനിമ തീയേറ്ററുകളിൽ ദേശീയഗാനം കേൾപ്പിക്കണം, ദേശീയ പതാക പ്രദർശിപ്പിക്കണം എന്ന് സുപ്രിംകോടതി വിധി ഉണ്ടായപ്പോൾ മുതൽ തുടങ്ങിയതാണ് ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ. വിധിയെ വിമർശിച്ചുകൊണ്ട് നിരവധി പേർ രംഗത്തെത്തിയിരുന്നു എന്നത് ശ്രദ്ദേയം. എന്നാൽ ഈ വിഷയിലെ കൗതുകമാണ് ഇപ്പോൾ വാർത്തയായിരിക്കുന്നത്. പൊതുതാല്‍പര്യ ഹർജിക്കാരനായ ശ്യാംനാരായണ്‍ ചൗക്സി ഇതാദ്യമായല്ല ഈ വിഷയത്തില്‍ സമാന വിധി സമ്പാദിക്കുന്നത്.
ഇപ്പോൾ വിധി പ്രഖ്യാപിച്ച സുപ്രീംകോടതി ബെഞ്ചിലെ ജസ്റ്റിസ് ദീപക് മിശ്ര 13 വർഷം മുൻപ് ചൗക്സിയുടെ ആദ്യ ഹർജി പരിഗണിച്ച് അനുകല ഉത്തരവിട്ടിരുന്നു. അതിന്റെ തനിയാവര്‍ത്തനമാണ് ബുധനാഴ്ച സുപ്രീംകോടതിയില്‍ നടന്നത്. പ്രശസ്ത ബോളിവുഡ് സംവിധായകൻ കരണ്‍ ജോഹറിന്റെ ‘കഭി ഖുശി കഭി ഗം’ എന്ന ചിത്രത്തില്‍ ദേശീയഗാനത്തെ അപകീര്‍ത്തിപ്പെടുത്തുന്ന വിധം അവതരിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി ചൗക്സി മധ്യപ്രദേശ് ഹൈകോടതിയെ സമീപിച്ചിരുന്നു. അന്ന് ഹരജി പരിഗണിച്ച ജസ്റ്റിസ് ദീപക് മിശ്ര ദേശീയഗാനം ആലപിക്കുമ്പോള്‍ അനുവര്‍ത്തിക്കേണ്ട നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്തു.
എന്നാല്‍, 2004ല്‍ കരണ്‍ ജോഹര്‍ നല്‍കിയ ഹരജിയില്‍ സുപ്രീംകോടതി ഈ ഉത്തരവ് റദ്ദാക്കി സിനിമ അതുപോലെ തന്നെ കാണിക്കാന്‍ അനുമതി നല്‍കി. കഴിഞ്ഞ ദിവസമാണ് സിനിമാതീയേറ്ററിൽ സിനിമ പ്രദർശിപ്പിക്കുന്നതിന് മുൻപ് ദേശീയ ഗാനം കേൾപ്പിക്കണമെന്നും പ്രേക്ഷകർ ആദരസൂചകമെന്നോണം എഴുന്നേറ്റ് നിൽക്കണമെന്നും സുപ്രിംകോടതി ഉത്തരവിട്ടത്.