നാര്‍സിംഗിനോട് ഗുസ്‌തി പിടിച്ചതാര് ?; ഗൂഢാലോചനയ്‌ക്ക് വിസില്‍ മുഴക്കിയ വമ്പന്മാര്‍ ഗോദയ്‌ക്ക് വെളിയിലുണ്ട്!

Webdunia
ചൊവ്വ, 2 ഓഗസ്റ്റ് 2016 (20:11 IST)
ബ്രസീലിലേക്ക് ഗുസ്‌തി പിടിക്കാന്‍ നാര്‍‌സിംഗ് പഞ്ചം യാദവിന് അനുമതി. ഇന്ത്യന്‍ കായികലോകം ആഗ്രഹിച്ചത് ഒടുവില്‍ സംഭവിച്ചിരിക്കുന്നു. സുശീല്‍ കുമാറിന് സാധിച്ചത് നാര്‍സിംഗിനും സാധിക്കുമെന്ന് ഉറച്ചു വിശ്വസിക്കുന്നവരുടെ സ്വപ്‌നങ്ങള്‍ ഫുട്ബോളിന്റെ മണ്ണില്‍ പൂവണിയട്ടെ.

റിയോ ഒളിമ്പിക്‍സില്‍ നാര്‍സിംഗിന്റെ ഭാവി ദേശീയ ഉത്തേജകവിരുദ്ധ ഏജൻസിയായ നാഡയുടെ അച്ചടക്ക സമിതിയുടെ മുന്നിലായിരുന്നു. നാഡ മൂന്നുവട്ടം നാര്‍സിംഗിനെ പരിശോധനയ്‌ക്ക് വിധേയമാക്കി. ഈ പരിശോധനകളെല്ലാം മത്സരത്തിനോട് അനുബന്ധിച്ചുള്ളതായിരുന്നില്ല. ജൂണ്‍ രണ്ടിന് നടന്ന പരിശോധനയില്‍ ഉത്തേജക മരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നില്ല. അതിനു ശേഷമാണ് താരത്തിന്റെ ശരീരത്തില്‍ മരുന്ന് എത്തിയിരിക്കുന്നത്. ഇതാണ് തന്നെ ആരോ ചതിച്ചതാണെന്ന നാര്‍സിംഗിന്റെ വാദം നാഡയും ശരിവയ്‌ക്കുന്നത്.

ജൂണ്‍ 25ലെ പരിശോധനയില്‍ കണ്ടതിനേക്കാള്‍ വളരെക്കുറഞ്ഞ തോതിലാണ്  ജൂലായ് 5ന് നടത്തിയ പരിശോധനയില്‍ നാര്‍സിംഗിന്റെ ശരീരത്തില്‍ മരുന്നിന്റെ അംശം കണ്ടെത്തിയത്. അതായത് ഒരു തവണ മാത്രമാണ് അദ്ദേഹത്തിന്റെ ശരീരത്തില്‍ മരുന്ന് എത്തിയിരിക്കുന്നത്. വിജയിക്കുക എന്ന ലക്ഷ്യത്തോടെ മരുന്ന് കഴിക്കുന്ന ഒരു വ്യക്തിയില്‍ ഇങ്ങനെ സംഭവിക്കില്ല എന്ന നാഡയുടെ കണ്ടെത്തല്‍ നാര്‍സിംഗിന് തുണയാകുകയായിരുന്നു.

26കാരനായ നാര്‍സിംഗിന്റെ ഭാഗത്തുനിന്ന് വീഴ്‌ചകളോ തെറ്റോ സംഭവിച്ചിട്ടില്ല എന്നാണ് നാഡ വ്യക്തമാക്കിയത്. ഒളിമ്പിക്‍സില്‍ അവസരം ലഭിക്കാതിരിക്കാന്‍ മറ്റൊരു താരം ഗൂഢാലോചന നടത്തി കുരുക്കുകയായിരുന്നു. നാഡ ചട്ടത്തിലെ 10.4 വകുപ്പനുസരിച്ച് ഇത്തരം സാഹചര്യങ്ങളില്‍ പെടുന്ന താരം കുറ്റക്കാരനല്ല എന്ന നിയമവും അദ്ദേഹത്തെ തുണച്ചു.

നാര്‍സിംഗിനെ ഒളിമ്പിക്‍സില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ ആരോ ശ്രമിച്ചു എന്നാണ് ഈ റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. ഒളിമ്പിക്‍സില്‍ അവസരം ലഭിക്കാതിരിക്കാന്‍ മറ്റൊരു താരം ഗൂഢാലോചന നടത്തിയെന്ന നാഡയുടെ കണ്ടെത്തലും സംശയം ജനിപ്പിക്കുന്നു.

ഒരു ദേശീയ ഗുസ്‌തി താരത്തിന്റെ ഇളയ സഹോദരന്‍ നാര്‍‌സിംഗ് യാദവിനുള്ള ഭക്ഷണത്തിൽ ഉത്തേജക മരുന്ന് കലര്‍ത്തി നല്‍കി കുടുക്കിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പതിനേഴ് വയസുകരാനായ ഇയാള്‍ സോനിപ്പത്തിലെ സായ് സെന്ററിലെ കന്റീനിൽ യാദവിനായി തയാറാക്കിയിരുന്ന ഭക്ഷണത്തില്‍ ഉത്തേജക മരുന്ന് കലര്‍ത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇയാള്‍ ജൂനിയർ റാങ്കിംഗിൽ ഗുസ്തിയിൽ 65 കിലോഗ്രാം വിഭാഗത്തിൽ ഇയാൾ ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നുവെന്നും വാര്‍ത്തകളുണ്ട്.

ഇന്ത്യൻ ടീം ബൾഗേറിയയിൽ മത്സരത്തിനായി പോയപ്പോൾ സായിയിലെ നർസിംഗിന്റെ മുറിയുടെ താക്കോൽ ഇയാൾ ആവശ്യപ്പെടുകയും സംശയം തോന്നിയ ജീവനക്കാര്‍ ഇയാളെ ചോദ്യം ചെയ്‌തപ്പോള്‍ മുറി മാറി പോയതാണെന്ന് പറഞ്ഞ് രക്ഷപ്പെടുകയായിരുന്നുവെന്നുമാണ് ദേശിശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തത്. അതിനൊപ്പം തന്നെ മറ്റൊരു വാര്‍ത്തയും ദേശിയ മാധ്യമങ്ങള്‍ പുറത്തു വിടുന്നുണ്ട്. സുശീല്‍ കുമാറിന്റെ ഇടപെടലും നീക്കങ്ങളുമാണ് നാര്‍സിംഗിനെ കുടുക്കിയതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്.

ഒളിമ്പിക്‍സ് യോഗ്യത ലഭിക്കാതെ വന്നതും മോശം ഫോമുമാണ് സുശീല്‍ കുമാറിന് വിനയായത്. അതേസമയം, മികച്ച ഫോമില്‍ തുടരുന്ന നാര്‍സിംഗിന് കാര്യങ്ങള്‍ അനുകൂലമാകുകയും ബ്രസീലിനുള്ള ടിക്കറ്റ് ലഭിക്കുകയുമായിരുന്നു. ഇതിനെത്തുടര്‍ന്ന് നാര്‍സിംഗിനെതിരെ സുശീല്‍ കുമര്‍ ഗൂഢാലോചന നടത്തിയെന്നും ഭക്ഷണത്തില്‍ ഉത്തേജക മരുന്ന് കലര്‍ത്തി നല്‍കിയ സംഭവത്തില്‍ പിന്നില്‍ നിന്ന് കളിച്ചുവെന്നുമാണ് സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍.

ഒളിമ്പിക്‍സിന് ഒരുങ്ങുന്ന നാര്‍സിംഗിന്റെ ശരീരത്തില്‍ ഉത്തേജക മരുന്ന് എങ്ങനെ എത്തിയെന്ന് വ്യക്തമാകാനുണ്ട്. അതിനായി ശക്തമായ അന്വേഷണവും ആവശ്യമാണ്. ഒരു താരം ഒരിക്കലും ചെയ്യാത്ത കാര്യമാണ് ഒളിമ്പിക്‍സ് സമയത്ത്  അധികാമയി തൂക്കം വര്‍ദ്ധിപ്പിക്കുക എന്നത്. അതിനായി ഒരിക്കലും മരുന്നും ഉപയോഗിക്കില്ല.

74 കി.ഗ്രാം വിഭാഗത്തില്‍ മൽസരിക്കേണ്ടിയിരുന്ന ഇന്ത്യന്‍ താരത്തിന്റെ തൂക്കം എങ്ങനെ 80 കി.ഗ്രാം ആയി എന്നത് വിചിത്രമാണ്. മസിലിന്റെ ശക്തിയും ഒപ്പം തൂക്കവും വർദ്ധിക്കാന്‍ ഉപയോഗിക്കുന്ന നിരോധിത മരുന്നായ മെതൻഡിനോണൻ ആണ് നാര്‍‌സിംഗിന്റെ ശരീരത്തില്‍ എത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് വ്യക്തമായ ഒരു അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നത്.
Next Article