യുവതിയെ നിരീക്ഷിച്ച സംഭവം; അന്വേഷണം അടുത്ത സര്‍ക്കാര്‍ നടത്തും

Webdunia
തിങ്കള്‍, 5 മെയ് 2014 (15:44 IST)
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോഡി യുവതിയെ നിരീക്ഷിച്ച സംഭവം അന്വേഷിക്കുന്നതിനായി ജഡ്ജിയെ നിയമിക്കുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിക്കുന്നു. തീരുമാനം അടുത്ത സര്‍ക്കാരിന് വിടാനാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പൊള്‍ ആലോചിക്കുന്നത്
 
സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ അലഹബാദ് ഹൈക്കോടതിയിലെ സിറ്റിംഗ് ജഡ്ജി ശ്രീവാസ്തവയെ നിയമിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. സര്‍ക്കാരിന്റെ തീരുമാനത്തിന് തെരഞ്ഞെടുപ്പു കമ്മിഷന്‍ അനുമതി നല്‍കുകയും ചെയ്തിരുന്നു.

16ന് മുന്പ് തീരുമാനം ഉണ്ടാവുമെന്ന് കേന്ദ്ര മന്ത്രിമാരായ സുശീല്‍ കുമാര്‍ ഷിന്‍ഡെയും കപില്‍ സിബലും പറഞ്ഞിരുന്നു. ജഡ്ജിയുടെ സേവനം വിട്ടുതരണമെന്നാവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റീസിന് കത്തു കൈമാറാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കെയാണ് അന്വേഷണാവശ്യത്തില്‍ നിന്ന് പിന്നോക്കം പോകുന്നത്.

എന്നാല്‍ തീരുമാനം കൈക്കൊള്ളാന്‍ തെരഞ്ഞെടുപ്പ് തീരുന്നതുവരെ കാത്തിരുന്ന സര്‍ക്കാരിന്റെ നടപടിയെ ഘടകകക്ഷികളായ എന്‍.സി.പി,​ നാഷണല്‍ കോണ്‍ഫറന്‍സ് എന്നീ കക്ഷികള്‍ വിമര്‍ശിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ സര്‍ക്കാരിന് അധികാരമില്ലെന്ന് ബിജെപിയും വാദിച്ചിരുന്നു.

ഫലത്തില്‍ ഇനി അന്വേഷണം വരുന്ന സര്‍ക്കാരിന്റെ ചുമതലയായി മാറിയിരിക്കുകയാണ്. അധികാരത്തിലെത്തിയാല്‍ തെരഞ്ഞെടുപ്പ് സമയത്ത് കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച സമിതികള്‍ പിരിച്ചു വിടുമെന്ന് ബിജെപി നയം വ്യക്തമാക്കിയിരുന്നു.