വിവാദങ്ങള്‍ക്കിടെ മോഡി- ഷെരീഫ് കൂടിക്കാഴ്ച ജൂലൈ 10ന്

Webdunia
തിങ്കള്‍, 6 ജൂലൈ 2015 (12:05 IST)
റഷ്യ, മധ്യേഷ രാജ്യങ്ങളില്‍ എട്ടുദിവസത്തെ സന്ദര്‍ശനത്തിനായി പുറപ്പെടുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫുമായി കൂടിക്കാഴ്‌ച നടത്തും. ഈ മാസം 10നാണ് കൂടിക്കാഴ്ച. റഷ്യയിലെ ഉഫയിൽ നടക്കാനിരിക്കുന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിക്കിടെ ആയിരിക്കും ഇരുനേതാക്കളും തമ്മിൽ കൂടിക്കാണുക.

പുണ്യമാസമായ റമദാന്‍ മാസാരംഭത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നവാസ് ഷെരീഫിനെ ടെലഫോണില്‍ വിളിച്ചതാണ് ഇരുനേതാക്കള്‍ക്കിടയിലുള്ള മഞ്ഞുരുകലിന് കാരണമായത് എന്നറിയുന്നു. എന്തായാലും ഇരുരാജ്യങ്ങളും തമ്മിലുള്ള സംഭാഷണങ്ങള്‍ പുനരാരംഭിക്കുന്നു എന്നതിന്റെ സൂചനയല്ല ഇതെന്നാണ് ഔദ്യോഗിക കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.

കൂടിക്കാഴ്ചയുടെ രൂപവും ഘടനയും സംബന്ധിച്ച ഔദ്യോഗിക വിവരങ്ങളൊന്നും തന്നെ പുറത്ത് വിട്ടിട്ടില്ല. അതേസമയം, മുംബൈ  ഭീകരാക്രമണ കേസുമായി ബന്ധപ്പെട്ട് പാകിസ്ഥാനിൽ അറസ്റ്റിലായ ലഷ്കറെ തൊയ്‌ബ ഭീകരൻ സക്കിയൂർ റഹ്മാൻ ലഖ്‌വി അടക്കമുള്ളവരെ മോചിപ്പിച്ച വിഷയം മോഡി ഉയർത്തും. പാക് മണ്ണിൽ നിന്ന് ഇന്ത്യയ്ക്കു നേരെ ഉയരുന്ന ഭീകര പ്രവർത്തനങ്ങൾ അമർച്ച ചെയ്യണമെന്ന ആവശ്യവും ഇന്ത്യ ആവർത്തിച്ച് ഉന്നയിക്കും.