പൗരത്വ നിയമത്തിനെതിരായി രാജ്യത്ത് നടക്കുന്ന പ്രക്ഷോഭങ്ങളെ മോദി വിമർശിച്ചു. 'നിങ്ങൾ മോദിയെ വെറുത്തോളു പക്ഷേ ഇന്ത്യയെ വെറുക്കരുത്. എന്നെ നിങ്ങൾക്ക് വെറുക്കാം പക്ഷേ പാവങ്ങളുടെ വീടുകൾക്കും കച്ചവടസ്ഥാപനങ്ങൾക്കും തീവെക്കരുത്. പാവം പോലീസുകാരെയും ഡ്രൈവർമാരെയും തല്ലിചതച്ച് നിങ്ങൾക്ക് എന്താണ് ലഭിക്കുന്നത്' മോദി ചോദിച്ചു.
സർക്കാറിന് പക്ഷപാതമുണ്ടെന്ന് തെളിയിക്കാൻ പ്രതിപക്ഷത്തെ ഞാൻ വെല്ലുവിളിക്കുന്നു. മതം നോക്കിയല്ല ഈ സർക്കാർ വികസനം നടത്തുന്നത്. ജനങ്ങളുടെ ജാതിയോ മതമോ ഞങ്ങൾ ചോദിച്ചിട്ടില്ല. ജനങ്ങളുടെ ദാരിദ്ര്യം ഇല്ലാതാക്കുക എന്നത് മാത്രമാണ് സർക്കാറിന്റെ ലക്ഷ്യം. ഉജ്ജ്വല യോജനയിലൂടെ സർക്കാർ പാവങ്ങളെ സഹായിച്ചു. ഡൽഹിയിലെ കോളനികൾ നിയമപരമാക്കിയപ്പോൾ ഞങ്ങൾ ആരുടെയെങ്കിലും മതവും രാഷ്ട്രീയവും ചോദിച്ചിരുന്നോ, ജനങ്ങളുടെ അവകാശങ്ങൾ എടുത്തുകളയുകയാണ് ഞാൻ എന്ന രീതിയിലുള്ള വ്യാജ പ്രചരണങ്ങൾ രാജ്യം സ്വീകരിക്കാൻ പോകുന്നില്ലെന്നും മോദി പറഞ്ഞു.
കോൺഗ്രസ്സ് മുസ്ലീങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ എന്തിനാണ് ശ്രമിക്കുന്നതെന്ന് ചോദിച്ച മോദി ഡൽഹിയിലെ ആം ആദ്മി സർക്കാറിനേയും പരോക്ഷമായി വിമർശിച്ചു. ഇതുവരെയും ഡൽഹിയിലെ ജനങ്ങൾ വ്യാജ വാഗ്ദാനങ്ങൾ കൊണ്ട് ബുദ്ധിമുട്ടുകയായിരുന്നുവെന്നും ഡൽഹിയിൽ അധികാരത്തിൽ ഇരിക്കുന്നവർ ജനങ്ങൾക്കായി ഒന്നും ചെയ്തില്ലെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.