സഹകരണ ബാങ്കുകളില്‍ പണമെത്തിക്കാന്‍ നബാര്‍ഡ് തുക അനുവദിച്ചു; ഗ്രാമപ്രദേശങ്ങളില്‍ നോട്ട് പ്രതിസന്ധി പരിഹരിക്കാന്‍ നടപടി സ്വീകരിച്ചതായി സാമ്പത്തികകാര്യ സെക്രട്ടറി

ബുധന്‍, 23 നവം‌ബര്‍ 2016 (11:57 IST)
സഹകരണബാങ്കുകളില്‍ പണമെത്തിക്കാന്‍ നബാര്‍ഡ് തുക അനുവദിച്ചു. സാമ്പത്തിക കാര്യ സെക്രട്ടറി ശക്തികാന്ത ദാസ് ആണ് ഇക്കാര്യം അറിയിച്ചത്. ജില്ല സഹകരണബാങ്കുകളില്‍ പണമെത്തിക്കാന്‍ 21000 കോടി രൂപ അനുവദിച്ചതായി അദ്ദേഹം പറഞ്ഞു. നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്ന് ഗ്രാമങ്ങളിലും സഹകരണമേഖലയിലും ഉണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ നടപടി സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു.
 
തെരഞ്ഞെടുക്കപ്പെട്ട ജില്ല സഹകരണബാങ്കുകളില്‍ നിന്ന് പ്രാഥമിക കാര്‍ഷിക സംഘങ്ങള്‍ വഴി പണം നല്കും. പണം അനുവദിച്ച ജില്ല സഹകരണ ബാങ്കുകളുടെ പട്ടിക റിസര്‍വ് ബാങ്കിന് കൈമാറി. നോട്ട് അസാധുവാക്കല്‍ വഴി ജനങ്ങളെ കൂടുതല്‍ ഡിജിറ്റല്‍ ഇടപാടുകളിലേക്ക് മാറ്റുകയായിരുന്നു സര്‍ക്കാരിന്റെ ഉദ്ദേശമെന്നും അദ്ദേഹം പറഞ്ഞു.
 
നബാര്‍ഡുമായും റിസര്‍വ് ബാങ്കുമായും ധനകാര്യമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലി വീഡിയോ കോണ്‍ഫറന്‍സ് നടത്തി. സഹകരണബാങ്കുകള്‍ക്കും അര്‍ബന്‍ ബാങ്കുകള്‍ക്കും ആവശ്യമായ പണം എത്തിക്കാന്‍ നിര്‍ദ്ദേശം നല്കിയതായും അദ്ദേഹം വ്യക്തമാക്കി.
 
ഡിസംബര്‍ 31 വരെ ഡെബിറ്റ്​ കാര്ഡ്‍​  ഉപയോഗത്തിന്​ ചാര്ജ്‍​ ഈടാക്കില്ലെന്നും ശക്​തികാന്ത ദാസ്​ പറഞ്ഞു. 

വെബ്ദുനിയ വായിക്കുക