മകന്‍ കൊല്ലാന്‍ ശ്രമിച്ചതാണെന്ന് പോലീസിന് മരണമൊഴി നല്‍കിയ വീട്ടമ്മ മരിച്ചത് ആത്മഹത്യ ശ്രമം മൂലമാണെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്. വീട്ടമ്മ ആത്മഹത്യ ചെയ്‌തതാണെന്ന് വ്യക്‌തമാക്കുന്ന മൊബൈല്‍ ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്.
ഇന്നലെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ച രുഗ്മിണി (61) തന്നെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചെത് മകന്‍ ജയപ്രകാശാണെന്ന് പോലീസിന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ പതിനൊന്നുകരാനായ കൊച്ചുമകന്‍ വീട്ടിലെ സംഘര്‍ഷം മൊബൈലില്‍ ചിത്രീകരിച്ചതിനാല്‍ മരണം ആത്മഹത്യയാണെന്ന് തെളിയുകയായിരുന്നു.
സ്വത്തു തര്‍ക്കത്തെ തുടര്‍ന്ന് രുഗ്മിണിയും മകന്‍ ജയപ്രകാശൂം തമ്മില്‍ വഴക്കുണ്ടാകാറുണ്ടായിരുന്നു. ഒരിക്കല്‍ ഇത്തരം കേസില്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാകേണ്ടി വന്ന സമയത്ത് മുത്തശ്ശിയും അച്‌ഛനും വഴക്കിടുമ്പോള്‍ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തണമെന്ന് പൊലീസുകാരന്‍ ആവശ്യപ്പെട്ടിരുന്നു.
അതില്‍ പിന്നെ ഇത്തരം സാഹചര്യത്തില്‍ കൊച്ചുമകന്‍ വഴക്ക് മൊബൈലില്‍ രഹസ്യമായി ചിത്രീകരിച്ചിരുന്നു. മെയ് 26-ന് വഴക്കുണ്ടായതിനെ തുടര്‍ന്ന് രുഗ്മിണി ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി. എന്നാല്‍ ഇത് പതിവായതിനാല്‍ മറ്റുള്ളവര്‍ ഇത് കാര്യമാക്കിയില്ല. ഇതേതുടര്‍ന്ന് രുഗ്മിണി തുണിയില്‍ തീ കൊളുത്തി ദേഹത്ത് ചുറ്റുകയായിരുന്നു.
ഗുരുതരമായ പരുക്കുകളോടെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച രുഗ്മിണി, മകനും മരുമകളും ചേര്‍ന്ന് മണ്ണെണ്ണ ഒഴിച്ച് തന്നെ കത്തിക്കുകയായിരുന്നെന്ന് മൊഴി നല്‍കുകയായിരുന്നു. ഇന്നലെ വീണ്ടും രുഗ്മിണിയുടെ മൊഴിയെടുക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും പുലര്‍ച്ചെ മൂന്നരയോടെ അവര്‍ മരിക്കുകയായിരുന്നു.
തുടര്‍ന്ന് രുഗ്മിണിയുടെ മൊഴിയുടെ അടിസ്‌ഥാനത്തില്‍ ജയപ്രകാശിനെ പോലീസ് കസ്‌റ്റഡിയില്‍ എടുത്തിരുന്നു. എന്നാല്‍ കൊച്ചുമകന്‍ എടുത്ത ദൃശ്യങ്ങള്‍ ഹാജരാക്കിയപ്പോളായിരുന്നു മകനെ കേസില്‍ പെടുത്താനായി അമ്മ കള്ളം പറഞ്ഞതാണെന്ന് തെളിഞ്ഞത്.