ചരിത്രം തിരുത്തിയെഴുതാന്‍ കോഹ്ലിയ്ക്കാകുമോ? കാത്തിരിക്കാം, ആ സുന്ദര നിമിഷത്തിനായി

Webdunia
വ്യാഴം, 31 മാര്‍ച്ച് 2016 (14:29 IST)
എല്ലാ കണ്ണുകളും വാംഖഡെ സ്റ്റേഡിയത്തിലേക്കാണ്. ട്വന്റി 20 ലോകകപ്പില്‍ ഇന്ന് ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെ നേരിടുമ്പോള്‍ ഇവിടത്തെ പിച്ച് എങ്ങനെയായിരിക്കുമെന്നതാണ് എല്ലാവരും ഉറ്റു നോക്കുന്നത്. ചരിത്രം ആവര്‍ത്തിച്ചാല്‍ ഇത് ബാറ്റ്സ്മാന്മാരുടെ പറുദീസയായി മാറും. മുമ്പ് നടന്ന ട്വന്റി 20 മത്സരങ്ങളും അതിന് അടിവരയിടുന്നു. തെളിഞ്ഞ അന്തരീക്ഷം കൂടിയായതോടെ റണ്ണൊഴുകുമെന്നതിന് സാധ്യതയേറുന്നു.

ഇന്ത്യന്‍നിരയില്‍ വിരാട് കോഹ്‌ലിയും വിന്‍ഡീസ് നിരയില്‍ ക്രിസ് ഗെയ്‌ലുമാണ് എല്ലാവരും ഉറ്റുനോക്കുന്ന താരങ്ങള്‍. എത്ര വലിയ സ്കോര്‍ നേടിയാലും ഫോമിലേക്ക് ഉയര്‍ന്നാല്‍ അത് പുഷ്പം പോലെ പിന്തുടരാന്‍ കെല്പുള്ള രണ്ടു ബാറ്റ്സ്മാന്മാരാണ് കോഹ്‌ലിയും ഗെയ്‌ലും. രണ്ടുപേര്‍ക്കും അത് നന്നായി അറിയുകയും ചെയ്യും. ഐ പി എല്ലില്‍ ബാംഗ്ളൂര്‍ റോയല്‍ ചാലഞ്ചേഴ്സിനു വേണ്ടി കോഹ്‌ലിക്കു കീഴില്‍ ക്രിസ് ഗെയില്‍ ആളിക്കത്തിയിരുന്ന കാഴ്ച്ച പലതവണ കണ്ടതുമാണ്.

ട്വന്റി20 ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരായ മികച്ച പ്രകടനത്തിന് പിന്നാലെയാണ് വിരാട് കോഹ്‌ലി ഐ സി സി ട്വന്റി20 റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തിയത്. ഓസിസ് ബാറ്റ്‌സ്മാന്‍ ആരോണ്‍ ഫിഞ്ചിനെ പിന്തള്ളിയാണ് കോഹ്‌ലി ഈ നേട്ടം കൈവരിച്ചത്. ഈ ലോകകപ്പ് തുടങ്ങുന്നതിനു മുമ്പ് കോഹ്‌ലിയും ഫിഞ്ചും തമ്മില്‍ 24 പോയിന്റിന്റെ വ്യത്യാസമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഫിഞ്ചിനെ(803)ക്കാളും 68 പോയിന്റ് മുന്നിലാണ് കോഹ്‌ലി(871)യുടെ സ്ഥാനം.

രാജ്യാന്തര ട്വന്റി 20യിലെ ഒന്നാം നമ്പര്‍ താരം വിരാട്‌ കോഹ്‌ലിയുടെ ബാറ്റിങ്ങ് ശരാശരിയാണ് ഏറെ രസകരം. ആദ്യം ബാറ്റു ചെയ്യുമ്പോള്‍ കോഹ്‌ലിക്ക്‌ 35.22 ആണ്‌ ശരാശരിയെങ്കില്‍ സ്‌കോര്‍ പിന്തുടരുമ്പോള്‍ അത് 91.80 ആയി മാറുന്ന കാഴ്ചയാണ് കഴിഞ്ഞ പല കളികളിലും കണ്ടത്.

കൂടാതെ, നാലു ഗ്രൂപ്പ് മൽസരങ്ങളിൽ നിന്നു കോഹ്‌ലി നേടിയത് 184 റൺസാണെങ്കിൽ മറ്റു നാലു മുൻനിര ബാറ്റ്സ്മാൻമാരായ രോഹിതും ധവാനും റെയ്നയും യുവരാജും കൂടി നേടിയതു 181 റൺസ്. ശരാശരി 11.3. ഇതെല്ലാം മറികടക്കാന്‍ കോഹ്‌ലിയിലൂടെ ഇന്ത്യയ്ക്കാകുമോ? കാത്തിരുന്നു കാണാം.