മുംബൈക്കൊരു സി‌ഇഒ, എതിര്‍പ്പുമായി ശിവസേന

തിങ്കള്‍, 10 നവം‌ബര്‍ 2014 (16:03 IST)
മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബയ്ക്കായി ചീഫ് എക്സിക്യുട്ടീവ് ഓഫീസറെ നിയമിക്കുന്നതിനെതിരെ ശിവസേന രംഗത്ത്. മുംബൈ കോര്‍പ്പറേഷന്‍ നിലവില്‍ ഭരിക്കുന്നത് ശിവസേന ബിജെപി സഖ്യമാണ്. തങ്ങളുമായി ആലോചിക്കാതെ സി‌ഇ‌ഒയെ നിയമിക്കാന്‍ തീരുമാനിച്ചതാണ് ശിവസേനയെ ചൊടിപ്പിച്ചിരിക്കുന്നത്. മുംബയ്ക്കു വേണ്ടി എന്തെങ്കിലും ചെയ്യുന്നതിന് മുന്പ് ശിവസേനയുമായി ചര്‍ച്ച നടത്തുന്നത് ഉചിതമായിരിക്കുമെന്നും പാര്‍ട്ടി മുഖപത്രമായ സാമ്നയില്‍ എഴുതിയ മുഖപ്രസംഗത്തില്‍ സേന വ്യക്തമാക്കി.

നേരത്തെ ഈ തീരുമാനം വന്നപ്പോള്‍ തന്നെ സേന എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. സി.ഇ.ഒയെ നിയമിക്കുന്നത് മുംബൈയെ മഹാരാഷ്ട്രയില്‍ നിന്ന് വേര്‍പെടുത്താന്‍ വേണ്ടിയാണെന്നാണ്‍ ശിവസനേ ആരോപിച്ചിരുന്നത്. മുംബൈയ്ക്കു വേണ്ടി ഒരു സിഇഒയെ നിയമിക്കുന്നത് എന്തിനുവേണ്ടിയാണ്? അതിലൂടെ ബിജെപിക്ക് എന്ത് നേട്ടമാണുള്ളത്. മുംബൈയ്ക്കാരുടെ കോപം പിടിച്ചു പറ്റാന്‍ ബിജെപി സര്‍ക്കാര്‍ ശ്രമിക്കരുതെന്നും ശിവസേന മുന്നറിയിപ്പു നല്‍കി.

മുംബൈ മെട്രോപൊളിറ്റന്‍ റീജിയന്‍ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ പദ്ധതികള്‍ വൈകുന്ന സാഹചര്യത്തിലാണ് ഭരണനിര്‍വഹണത്തിനായി ഒരു സിഇഒയെ നിയമിക്കാന്‍ ഫഡ്നാവിസ് തീരുമാനിച്ചത്. പദ്ധതികള്‍  ഏകോപിച്ചു കൊണ്ടുപോവുകയും ഇതുമായി ബന്ധപ്പെട്ട കോടതി വ്യവഹാരങ്ങള്‍ പരിഹരിക്കുകയുമാണ് ഇതിലൂടെ അദ്ദേഹം ലക്ഷ്യമിടുന്നത്. അഡീഷണല്‍ ചീഫ് സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥനാവും സിഇഒയുടെ ചുമതല നിര്‍വഹിക്കുക.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക