മുംബൈ സ്‌ഫോടനക്കേസിലും കലാപക്കേസിലും ഭരണകൂടം വിവേചനം കാണിക്കുന്നു: ജസ്‌റ്റിസ്‌ ശ്രീകൃഷ്‌ണ

Webdunia
ശനി, 1 ഓഗസ്റ്റ് 2015 (17:45 IST)
മുംബൈ സ്‌ഫോടനക്കേസിലും കലാപക്കേസിലും ഭരണകൂടം വിവേചനം കാണിക്കുന്നുവെന്ന് ജസ്റ്റിസ് ബി.എന്‍ ശ്രീകൃഷ്‌ണ. മുംബൈ കലാപങ്ങളും സ്ഫോടനവും അന്വേഷിച്ച ആളാണ് ഇദ്ദേഹം മുംബൈ സ്‌ഫോടന പരമ്പരക്കേസിലെ പ്രതി യാക്കൂബ്‌ മേമന്റെ വധശിക്ഷ നടപ്പിലാക്കിയതിലൂടെ നീതി നടപ്പായി. എന്നാല്‍ ഈ സ്‌ഫോടനത്തിലേക്ക്‌ വഴിവെച്ച മുംബൈ കലാപക്കേസിനോട്‌ ഭരണകൂടം കാണിക്കുന്നത്‌ വിവേചനമാണെന്ന്‌ ജസ്റ്റിസ് ശ്രീകൃഷ്ണ ആരോപിക്കുന്നു.

കലാപത്തിലെ ഇരകള്‍ക്ക്‌ നീതി ലഭ്യമാക്കുന്നതില്‍ ഭരണകൂടം വിവേചനം കാണിച്ചുവെന്നാണ് ജസ്‌റ്റിസ്‌ ശ്രീകൃഷ്‌ണ ചൂണ്ടിക്കാണിക്കുന്നത്. സ്‌ഫോടനക്കേസില്‍ സ്വീകരിച്ചതിന്‌ സമാനമായ നിയമ നടപടികള്‍ കലാപക്കേസിലും ഉണ്ടാകണം. രണ്ടു കേസുകളോടും ഒരേ സമീപനമാണ്‌ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടതെന്നും ജസ്‌റ്റിസ്‌ ശ്രീകൃഷ്‌ണ പറഞ്ഞു.

1992 ഡിസംബര്‍ ആറു മുതല്‍ 10 വരെയും 1993 ജനുവരി ആറു മുതല്‍ 20വരെ മുംബൈ നഗരത്തിലുണ്ടായ കലാപത്തില്‍ 900 പേര്‍ക്ക്‌ ജീവന്‍ നഷ്‌ടപ്പെട്ടതായാണ്‌ കണക്ക്‌. ഈ കലാപമാണ്‌ സ്‌ഫോടന പരമ്പരകളിലേക്ക്‌ വഴിവെച്ചിരുന്നതെന്ന്‌ ജസ്‌റ്റിസ്‌ ശ്രീകൃഷ്‌ണ കമ്മിറ്റിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.  ഇദ്ദേഹത്തിന്റെ വിമര്‍ശനം ഇപ്പോള്‍ ദേശീയ മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്. പരാമര്‍ശം ദേശീയ തലത്തില്‍ ചര്‍ച്ചകള്‍ക്കും വഴിവച്ചിട്ടുണ്ട്.