മകന്‍ പ്രശസ്തനായ ശേഷം തങ്ങള്‍ക്കെതിരെ പലരും തിരിഞ്ഞു; ഗോവധ വിഷയത്തില്‍ കുടുംബത്തെ കരുതിക്കൂട്ടി ഉപദ്രവിക്കുകയാണെന്നും ക്രിക്കറ്റ് താരം ഷമിയുടെ പിതാവ്

ശനി, 16 ജനുവരി 2016 (14:29 IST)
മകന്‍ പ്രശസ്തനായ ശേഷം തങ്ങള്‍ക്കെതിരെ പലരും തിരിഞ്ഞിട്ടുണ്ടെന്ന് പ്രശസ്ത ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ പിതാവ് തൌസീഫ് അഹ്‌മദ്. ഒരു ദേശീയ മാധ്യമത്തോടാണ് ഷമിയുടെ പിതാവ് ഇക്കാര്യം വ്യക്തമാക്കിയത്. ഗോവധ വിഷയത്തില്‍ തന്നെയും കുടുംബത്തെയും ചിലര്‍ കരുതിക്കൂട്ടി ഉപദ്രവിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
 
കഴിഞ്ഞദിവസം, ഗോവധവുമായി ബന്ധപ്പെട്ട് ഷമിയുടെ സഹോദരന്‍ മുഹമ്മദ് ഹസീബിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഗോവധവുമായി ബന്ധപ്പെട്ട ആളുകളെ അറസ്റ്റ് ചെയ്യാനെത്തിയപ്പോള്‍ പൊലീസിനെ തടഞ്ഞു എന്നായിരുന്നു ഹസീബിനെതിരെയുള്ള കേസ്.
 
എന്നാല്‍, സംഭവം നടക്കുമ്പോള്‍ തന്റെ മകന്‍ സ്ഥലത്തില്ലായിരുന്നെന്നും വളരെ കഴിഞ്ഞാണ് എത്തിയതെന്നും തൌസീഫ് വ്യക്തമാക്കി. അനാവശ്യമായി തന്റെ മകനെ ഈ സംഭവത്തിലേക്ക് വലിച്ചിഴയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
 
ഷമി പ്രശസ്തനായ ശേഷം പലരും തങ്ങള്‍ക്കെതിരെ തിരിഞ്ഞിട്ടുണ്ട്. ഇതു സംബന്ധിച്ച് ഡിസ്ട്രിക്‌ട് മജിസ്ട്രേട്ടിന് ഒരു മാസം മുമ്പ് പരാതി നല്കിരുന്നെന്നും ഇതിന്റെ പ്രതികാര നടപടിയായാണ് ഹസീബിന്റെ അറസ്റ്റെന്നും തൌസീഫ് ആരോപിക്കുന്നു. തൌസീഫ് പരാതി നല്കിയതായി മജിസ്ട്രേടും സ്ഥിരീകരിച്ചിട്ടുണ്ട്.
 
അതേസമയം, ഗോവധവുമായി ബന്ധപ്പെട്ടയാളെ അറസ്റ്റ് ചെയ്തു കൊണ്ടു പോകുമ്പോള്‍ ഹസീബ് പൊലീസ് വാഹനം തടഞ്ഞെന്നും സബ് ഇന്‍സ്‌പെക്‌ടര്‍ പ്രദീപ് ഭരദ്വാജിനെ കൈയേറ്റം ചെയ്തെന്നുമാണ് പൊലീസിന്റെ ഭാഷ്യം. ഹസീബിനെ പിന്നീട് ജാമ്യത്തില്‍ വിട്ടു.

വെബ്ദുനിയ വായിക്കുക