110 ലക്ഷം കോടി രൂപയുടെ അടിസ്ഥാനവികസനം നൽപ്പിലാക്കും: ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ശനി, 15 ഓഗസ്റ്റ് 2020 (09:43 IST)
സ്വയംപര്യാപ്‌തത ലക്ഷ്യമാക്കി മുന്നിലുള്ള വെല്ലുവിളികളെ ഇന്ത്യ മറികടക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി, രാജ്യത്തിന്റെ എഴുപത്തിനാലാം സ്വാതന്ത്രദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ കൊവിഡ് പോരാളികളോട് ആദരമർപ്പിച്ചുകൊണ്ടാണ് പ്രസംഗത്തിന് മോദി തുടക്കമിട്ടത്.

കഴിഞ്ഞ വർഷം മാത്രം നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ 18 ശതമാനത്തിന്റെ വര്‍ധനവാണ് രാജ്യത്തുണ്ടായത്. ലോകം ഇന്ത്യയെ ആത്മവിശ്വാസത്തോടെയാണ് നോക്കികാണുന്നത്. ലോകം ഇന്ത്യയെ ആണ് ഉറ്റു‌നോക്കുന്നത്. ലോകത്തിന് വളര്‍ച്ചയുണ്ടാകണമെങ്കില്‍ ഇന്ത്യയും വളര്‍ച്ച കൈവരിക്കേണ്ടതുണ്ട്. ആത്മനിര്‍ഭര്‍ ഭാരത് 130 കോടി ജനങ്ങളുടെ മന്ത്രമാണ്. സാമ്പത്തിക വളര്‍ച്ചക്കും വികസനത്തിനുമാണ് ഊന്നൽ നൽകുന്നത്. രാജ്യത്ത് ഇതിനായി 110 ലക്ഷം കോടി രൂപയുടെ അടിസ്ഥാനവികസന പ്രവർത്തനങ്ങൾ നടപ്പാക്കും.7000 പദ്ധതികൾ ഇതിന് കീഴിൽ കണ്ടെത്തി. വിവിധ അടിസ്ഥാനസൗകര്യങ്ങൾ സംയോജിക്കും.
 
 2 കോടി വീടുകളിൽ ഒരു വർഷത്തിൽ കുടിവെള്ളം എത്തിച്ചു. സൈബര്‍ സുരക്ഷാ നയം നടപ്പാക്കും. 6 ലക്ഷം ഗ്രാമങ്ങളിൽ ഒപ്‌റ്റിക്കൽ ഫൈബർ എത്തിക്കും. 1000 ദിവസത്തിനുള്ളിൽ ഇത് പൂർത്തിയാവും. ദേശീയ ഡിജിറ്റൽ ആരോഗ്യ മിഷൻ വഴി എല്ലാവർക്കും ആരോഗ്യ ഐഡി കാർഡ് നല്കും. ജമ്മു കാശ്‌മീരിൽ തെരഞ്ഞെടുപ്പ് നടത്തും, മണ്ഡലപുനർനിർണ്ണയത്തിനു ശേഷമാകും തെരഞ്ഞെടുപ്പ് നടത്തുക. പ്രകൃതി സംരക്ഷണത്തിന് പദ്ധതി നടപ്പിലാക്കും. ഇതിൽ പ്രൊജക്‌ട് ലയൺ എന്ന പദ്ധതിയും ഡോൾഫിൻ സംരക്ഷണപദ്ധതിയും ഉൾപ്പെടുന്നു.
 
കുറച്ച് മാസങ്ങള്‍ക്ക് മുമ്പുവരെ എന്‍-95 മാസ്‌കുകള്‍, പിപിഇ കിറ്റുകള്‍, വെന്റിലേറ്ററുകള്‍ എന്നിവ രാജ്യം ഇറക്കുമതി ചെയ്യുകയായിരുന്നു. എന്നാൽ നമ്മൾ ഇപ്പോൾ മറ്റ് രാജ്യങ്ങളുടെ ആവശ്യങ്ങൾ കൂടി നിറവേറ്റുന്ന അവസ്ഥയിലേക്ക് മാറി.അസംസ്‌കൃത വസ്തുക്കള്‍ കയറ്റുമതി ചെയ്ത് ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്ന രീതി  അവസാനിക്കേണ്ട കാലം വന്നിരിക്കുന്നു. ഇന്ത്യയുടെ ഉപഭോഗത്തിനുള്ളവ ഇവിടെ തന്നെ ഉത്പാദിപ്പിക്കേണ്ടതുണ്ട്. ആത്മനിർഭർ ഭാരതിൽ കർഷകർക്കാണ് മുൻഗണന നൽകുന്നതെന്നും മോദി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍