ഊട്ടിയില്‍ ലൈംഗിക വ്യാപാരം നടത്തിവന്ന കോട്ടേജില്‍ പൊലീസ് റെയ്ഡ്; സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ചു മലയാളികള്‍ അറസ്റ്റില്‍; പിടിയിലായവര്‍ വിദ്യാര്‍ഥിനികളെന്നു സൂചന

ബുധന്‍, 16 മാര്‍ച്ച് 2016 (16:31 IST)
ലൈംഗിക വ്യാപാരം നടത്തിവന്ന കോട്ടേജില്‍ പൊലീസ് റെയ്ഡില്‍ നാല് ഇതര സംസ്ഥാനക്കാരും അഞ്ചു മലയാളികളും അറസ്റ്റില്‍. ഊട്ടിയിലെ നാരായണപുരം, ആര്‍ണി ഹൗസ് എന്നിവിടങ്ങളിലെ കോട്ടേജുകളിലായിരുന്നു റെയ്ഡ്. സമീപപ്രദേശങ്ങളിലെ കോളജുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികളെ ലൈംഗിക വ്യാപാരത്തിനുപയോഗിക്കുന്നതായുള്ള വിവരത്തെത്തുടര്‍ന്നായിരുന്നു പൊലീസ് കോട്ടേജുകളില്‍ റെയ്ഡ് നടത്തിയത്. പിടിയിലായ മലയാളികള്‍ അടക്കമുള്ള സ്ത്രീകള്‍ വിദ്യാര്‍ഥിനികളാണെന്നാണ് പൂറത്തു വന്ന സൂചന.

തൃശ്ശൂര്‍ സ്വദേശി സജി ജോസ് (29), നിലമ്പൂര്‍ വഴിക്കടവ് സ്വദേശി ശിവപ്രസാദ് (38), വയനാട് മേപ്പാടി സ്വദേശി ജോസ് ലിന്‍ (20), ഊട്ടി സെന്റ് മേരീസ് ഹില്‍ സ്വദേശി രാഹുല്‍ (26), കൊല്ലം സ്വദേശിനി ആഷ (19), ഗൂഡല്ലൂര്‍ സ്വദേശി സതീഷ് (35),  കൊല്‍ക്കത്ത സ്വദേശിനികളായ കുശി (20), സമീര്‍ (24),സാധ്വനി (22) എന്നിവരാണ് അറസ്റ്റിലായത്. ജോസ്‌ലിന്‍, കുശി, ആഷ, സാധ്വനി എന്നിവര്‍ വിദ്യാര്‍ഥിനികളാണെന്നാണ് സംശയം.

പെണ്‍വാണിഭത്തിന്റെ കണ്ണികള്‍മാത്രമാണ് പിടിയിലായിരിക്കുന്നതെന്നും സ്ത്രീകളെ എത്തിച്ചുനല്‍കുന്ന ഒരു വലിയസംഘം വേറെയുണ്ടെന്നും പൊലീസ് അറിയിച്ചു. ഇവരെ പിടികൂടാനുള്ള ശ്രമം പൊലീസ് ഊര്‍ജ്ജിതമാക്കി. പിടിയിലായ യുവതികളെ സംരക്ഷണഭവനത്തിലേക്ക് മാറ്റി. മറ്റുള്ളവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്ചെയ്തു. അറസ്റ്റിലായവരില്‍ നിന്ന് നാല് ബൈക്ക്, എട്ട് മൊബൈല്‍ ഫോണ്‍, 45,000 രൂപ എന്നിവയും പിടിച്ചെടുത്തു. എസ് പി മുരളി രാംഭയുടെ നിര്‍ദേശപ്രകാരം ഡി എസ് പി. മണികണ്ഠന്‍, ഇന്‍സ്പെക്ടര്‍ വിനായകം എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.

വെബ്ദുനിയ വായിക്കുക