തിരഞ്ഞെടുപ്പു കാലത്ത് മാധ്യമങ്ങള്‍ക്കും പെരുമാറ്റ ചട്ടം വരുന്നു

വ്യാഴം, 23 ജൂലൈ 2015 (12:45 IST)
തിരഞ്ഞെടുപ്പ് കാലത്ത് മാധ്യമങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂച്ച് വിലങ്ങിടാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നീക്കം തുടങ്ങി. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സര്‍ക്കാരുകള്‍ക്കും ഉള്ളതുപോലെ മാധ്യമങ്ങളുടെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്ന രീതിക്കും പെരുമാറ്റ ചട്ടം കൊണ്ടുവരാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആലോചിക്കുന്നത്. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറായ നസിം സെയ്ദിയാണ് ഈ നീക്കങ്ങള്‍ക്ക് പിന്നില്‍.

വോട്ടര്‍ന്മാരെയും തിരഞ്ഞെടുപ്പിലെ ജയപരാജയങ്ങളെയും സ്വാധീനിക്കും വിധത്തില്‍ വാര്‍ത്തകള്‍ വരുന്നതായുള്ള വിലയിരുത്തലിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പു കമ്മിഷന്റെ നീക്കം.  നിലവില്‍ പ്രസ് കൗണ്‍സില്‍ ഇന്ത്യയുടെയും ദേശീയ ബ്രോഡ്കാസ്റ്റിംഗ് അസോസിയേഷന്‍റെയും മാര്‍ഗ്ഗരേഖകള്‍ മാത്രമാണ് തിരഞ്ഞെടുപ്പ് റിപ്പോർട്ടിങ്ങുമായി ബന്ധപ്പെട്ടുള്ളത്. അതിനാല്‍ മാധ്യമ സ്ഥാപനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളുമായി ചര്‍ച്ച നടത്തിയ ശേഷമായിരിക്കും പെരുമാറ്റച്ചട്ടം രൂപീകരിക്കുകയെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുള്ളത്.

വോട്ടിംഗ് ശതമാനം വർധിക്കുന്നതടക്കം തിരഞ്ഞെടുപ്പ് പ്രക്രിയ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് മാധ്യമങ്ങള്‍ നിർണായക പങ്കുവഹിക്കുന്നതായി കമ്മീഷന്‍ വിലയിരുത്തുന്നുണ്ട്. എന്നാല്‍ പണം നല്‍കിയുള്ള വാര്‍ത്തകള്‍ക്കു പുറമേ കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ചില മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി കമ്മീഷന്‍ വിലയിരുത്തുന്നു. അതിനാലാണ് ചട്ടം കൊണ്ടുവരാന്‍ കമ്മീഷന്‍ നീക്കമാരംഭിച്ചത്. അതേസമയം നടപടി മാധ്യമ സ്വാതന്ത്ര്യം ഇല്ലാതാക്കുമെന്നും പെരുമാറ്റച്ചട്ടം ദുരുപയോഗം ചെയ്യാനിടയുണ്ടെന്നും ആക്ഷേപമുണ്ട്.

വെബ്ദുനിയ വായിക്കുക