എംഎല്‍എമാരുമായി നടന്ന ചര്‍ച്ച പുതിയ മുഖ്യമന്ത്രി ആരെന്നതിനെക്കുറിച്ച്; വൈകുന്നേരത്തോടെ പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍

ശനി, 11 ഫെബ്രുവരി 2017 (17:56 IST)
രാഷ്‌ട്രീയ അനിശ്ചിതത്വം തുടരുന്ന തമിഴ്നാട്ടില്‍ പുതിയ വഴിത്തിരിവുകള്‍ ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഇതൊന്നും സ്ഥിരീകരിച്ചിട്ടില്ല. കൂവത്തൂരില്‍ എം എല്‍ എമാരെ താമസിപ്പിച്ചിരിക്കുന്ന റിസോര്‍ട്ടില്‍ എത്തി അവരുമായി ശശികല കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതില്‍ പ്രധാനമായും ചര്‍ച്ച ചെയ്തത് മുഖ്യമന്ത്രി സ്ഥാനത്തേക്ക് മറ്റൊരാള്‍ വന്നാല്‍ എന്തായിരിക്കും എന്നതിനെക്കുറിച്ചായിരുന്നു എന്നാണ് സൂചനകള്‍.
 
മുതിര്‍ന്ന എ ഡി എം കെ നേതാക്കളായ ചെങ്കോട്ടയിന്‍, എടപ്പാടി പളനിസ്വാമി എന്നിവരും കൂവത്തൂരിലേക്ക് ശശികലയെ അനുഗമിച്ചിരുന്നു. എന്നാല്‍, യോഗത്തിനു ശേഷം മാധ്യമങ്ങളെ കണ്ട ചെങ്കോട്ടയിന്‍ ശശികല തന്നെ മുഖ്യമന്ത്രി ആകണമെന്നാണ് ആഗ്രഹിക്കുന്നത് എന്ന് പറഞ്ഞു.
 
അതേസമയം, മുതിര്‍ന്ന എ ഡി എം കെ നേതാവ് പൊന്നയ്യന്‍ പനീര്‍സെല്‍വത്തിന് പിന്തുണ അറിയിച്ചു. എം ജി ആര്‍, ജയലളിത സര്‍ക്കാരുകളില്‍ മന്ത്രിയായിരുന്ന മുതിര്‍ന്ന നേതാവ് ആണ് പൊന്നയ്യന്‍. എ ഡി എം കെയുടെ സ്ഥാപകനേതാവും പാര്‍ട്ടി വക്താവുമാണ് പൊന്നയ്യന്‍. ശശികലയ്ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയ പ്രമുഖ നേതാക്കളില്‍ ഒരാള്‍ ആയിരുന്നു പൊന്നയ്യന്‍. ജയലളിതയുടെ ആത്മാവ് ശശികലയിലൂടെ പാര്‍ട്ടിയെ നയിക്കുമെന്ന് പൊന്നയ്യന്‍ പറഞ്ഞിരുന്നു.
 
ശശികല ഇനി ഗവര്‍ണറുമായി ഇന്ന് കൂടിക്കാഴ്ച നടത്തുമോ എന്നാണ് തമിഴക രാഷ്‌ട്രീയം ഉറ്റു നോക്കുന്നത്.

വെബ്ദുനിയ വായിക്കുക