സർക്കാർ ഭൂമി കയ്യേറി അനധികൃതനിർമ്മാണം: കുടുംബങ്ങൾ തമ്മിൽ ഏറ്റുമുട്ടി: നാല് പേർ കൊല്ലപ്പെട്ടു

ബുധന്‍, 16 മാര്‍ച്ച് 2022 (20:29 IST)
സർക്കാർ ഭൂമി കയ്യേറിയതുമായി ബന്ധപ്പെട്ട തർക്കത്തെതുടർന്നുണ്ടായ ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടു. മുൻഗ്രാമത്തലവൻ ഉൾപ്പടെ ഒരു കുടുംബത്തിലെ നാലുപേരാണ് കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേറ്റു.
 
സംഭവവുമായി ബന്ധപ്പെട്ട് കൃത്യനിർവഹണത്തിൽ വീഴ്‌ച്ച കാണിച്ച മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്‌തു. മുൻ ഗ്രാമത്തലവൻ സങ്കതയാദവിന്റെ വീടിനോട് ചേർന്നുള്ള സർക്കാർ ഭൂമി കൈവശം വെയ്ക്കുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സങ്കതയാദവ്,ഹനുമ യാദവ്,അ‌മ്രേഷ് യാദവ്,പാർവതി യാദവ് എന്നിവരാണ് കൊല്ലപ്പെട്ടത്.
 
തർക്കഭൂമിയിൽ നിർമാണം നടത്തുന്നതിൽ നിന്നും ഇരുവിഭാഗങ്ങളെയും ചൊവ്വാഴ്ച്ച പോലീസ് തടഞ്ഞിരുന്നു. എന്നാൽ അതേദിവസം തന്നെ ഒരുവിഭാഗം ഭൂമിയിൽ നിർമാണം ആരംഭിച്ചതോടെയാണ് സംഘർഷങ്ങൾക്ക് തുടക്കമായതെന്ന് ഇൻസ്പെക്‌ടർ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ 7 പേർക്കെതിരെ കേസെടുത്തതായും നാലു പേരെ അറസ്റ്റ് ചെയ്‌തതായും പോലീസ് പറഞ്ഞു.
 
ഒളിവിൽ പോയ പ്രതികളെ പിടികൂടാൻ പ്രത്യേക സംഘത്തെ നിയോഗിച്ചതായും അക്രമണത്തിന് നേതൃത്വം നൽകിയവർക്കെതിരെ ഗുണ്ടാനിയമപ്രകാരവും അനധികൃത കയ്യേറ്റത്തിനെതിരെ കേസ് എടുക്കുമെന്നും പോലീസ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍