സ്വർണ്ണവും പണവും കുഴിച്ചിട്ട സ്ഥലം മറന്ന് വീട്ടമ്മ പരാതി നൽകി : പോലീസ് എത്തി കണ്ടെടുത്തു
ഓച്ചിറ: കവർച്ചക്കാർ ഭയന്ന് വീട്ടമ്മ 20 പവന്റെ സ്വർണ്ണാഭരണങ്ങളും 15000 രൂപയും പുരയിടത്തിൽ കുഴിച്ചിട്ട സ്ഥലം മറന്നതിനെ തുടർന്ന് പരാതി നൽകിയപ്പോൾ പോലീസ് എത്തി പുരയിടം ഉഴുതു സ്വർണ്ണവും പണവും കണ്ടെടുത്തു. പ്ലാസ്റ്റിക് കവറിലാക്കി കുഴിച്ചിട്ട സ്ഥലം വീട്ടമ്മ മറന്നപ്പോഴാണ് പൊലീസിന് സംഗതി വിനയായത്.
ഓച്ചിറ ചങ്ങൻകുളങ്ങര സ്വദേശിനിയായ വീട്ടമ്മ ഭർത്താവിനൊപ്പം ബന്ധുവീട്ടിലേക്ക് പോയപ്പോഴാണ് ആരുമറിയാതെ സ്വർണ്ണവും പണവും പുരയിടത്തിൽ കുഴിച്ചിട്ടത്. സ്ഥലം മറന്നുപോയതോടെ വിവരം പഞ്ചായത്തംഗം സന്തോഷിനെ അറിയിച്ചപ്പോഴാണ് ഇവ മോഷണം പോയതായി പോലീസിൽ പരാതി നൽകിയത്.
എന്നാൽ പൊലീസിന് സംശയമായി. സ്വർണ്ണവും പണവും പുരയിടത്തിൽ കുഴിച്ചിട്ടതാകാമെന്ന് സംശയിച്ചു പുരയിടം കുഴിച്ചു നോക്കി അവ കണ്ടെടുത്തു. ഓച്ചിറ പോലീസ് സ്റ്റേഷനിലെ പി.ആർ.ഓ നൗഷാദ്, ഹോംഗാർഡ് സുകുമാരൻ എന്നിവരുടെ നേതൃത്വത്തിലാണ് ഇവ കണ്ടെടുത്തത്.