മണിപ്പൂരില്‍ ഈസ്റ്റര്‍ അവധി റദ്ദാക്കിയത് പിന്‍വലിച്ചു

രേണുക വേണു

വ്യാഴം, 28 മാര്‍ച്ച് 2024 (19:57 IST)
മണിപ്പൂരില്‍ മാര്‍ച്ച് 31 ഈസ്റ്റര്‍ ദിനം പ്രവൃത്തി ദിനമാക്കിയ വിവാദ ഉത്തരവ് പിന്‍വലിച്ചു. പ്രതിഷേധം രൂക്ഷമായതോടെയാണ് മണിപ്പൂര്‍ സര്‍ക്കാരിന്റെ തീരുമാനം. ഈസ്റ്റര്‍ ദിനമായ മാര്‍ച്ച് 31 ഞായറാഴ്ച എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കണമെന്നായിരുന്നു സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറഞ്ഞിരുന്നത്. 
 
സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ദിവസങ്ങളിലെ ഓഫിസുകളുടെ സുഗമമായ നടത്തിപ്പിനായാണ് മാര്‍ച്ച് 30, 31 (ശനി,ഞായര്‍) ദിവസങ്ങള്‍ പ്രവൃത്തി ദിവസമായി പ്രഖ്യാപിക്കുന്നതെന്ന് സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞിരുന്നു. ഗവര്‍ണറുടെ പേരിലാണ് ഔദ്യോഗിക ഉത്തരവ് പുറത്തുവന്നത്. 
 
മാര്‍ച്ച് 27 നാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. സംസ്ഥാനത്തെ 32 ലക്ഷം വരുന്ന ജനസംഖ്യയില്‍ 41 ശതമാനവും ക്രിസ്ത്യാനികളാണ്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍