മയക്കുമരുന്ന് കേസില്‍ മുന്‍ ബോളിവുഡ് സ്വപ്നസുന്ദരിക്കും കാമുകനുമെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ്

Webdunia
ചൊവ്വ, 28 മാര്‍ച്ച് 2017 (11:18 IST)
2000 കോടിയുടെ മയക്കുമരുന്ന് കേസില്‍ മുന്‍ ബോളിവുഡ് സ്വപ്നസുന്ദരി മമതാ കുല്‍ക്കര്‍ണ്ണിക്കും കാമുകന്‍ വിക്കി ഗോസ്വാമിക്കുമെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. തിങ്കളാഴ്ച താനെയിലെ  പ്രത്യേക കോടതിയാണ് ഇരുവര്‍ക്കുമെതിരേ വാറന്റ് പുറപ്പെടുവിച്ചത്. 
 
നേരത്തേ പ്രതിപട്ടികയില്‍ നിന്ന് രണ്ടുപേരെയും ഒഴിവാക്കിയിരുന്നു. എന്നാല്‍ ഇവര്‍ക്കെതിരേ ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കുറ്റപത്രം  ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ചിട്ടുള്ളത്. 
 
മയക്കുമരുന്ന് റാക്കറ്റുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നതിന് ശക്തമായ തെളിവുകള്‍ ഉണ്ടെന്ന് കോടതിയില്‍ പബ്‌ളിക്ക് പ്രോസിക്യൂട്ടര്‍ ശിശിര്‍ ഹിരേ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്നും കെനിയയിലേക്ക് മെതാംഫെറ്റാമിന്‍ ഉള്‍പ്പെടെയുള്ള മയക്കുമരുന്ന് കടത്തുന്ന സംഘം ഇവരുടെ മേല്‍നോട്ടത്തിലാണെന്നാണ് വിചാരണവേളയില്‍ പറഞ്ഞത്. 
 
കേസുമായി ബന്ധപ്പെട്ട് ഫോണ്‍വിളിയുടെ രേഖകള്‍ ഉള്‍പ്പെടെ ഇതുമായി ബന്ധപ്പെട്ട സാങ്കേതിക തെളിവുകളും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കിട്ടിയിട്ടുണ്ടെന്ന് ഹിരേ കോടതിയില്‍ വ്യക്തമാക്കി.  മമതയും ഗോസ്വാമിയും താമസിക്കുന്നെന്ന് പറയുന്ന അഡ്രസില്‍ സമയത്ത് പോലീസ് എത്തുകയും നാട്ടുകാരുടെ മൊഴിയെടുക്കുകയും ചെയ്യുന്നുണ്ട്. 
 
 
 
 
 
 
 
Next Article