കേരളത്തിന്റെ ചുവട് പിടിച്ച് പശ്ചിമബംഗാൾ; പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം അവതരിപ്പിക്കുമെന്ന് മമത

ചിപ്പി പീലിപ്പോസ്
ചൊവ്വ, 21 ജനുവരി 2020 (17:55 IST)
പൌരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കുമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. റിപ്പബ്ലിക് ദിനത്തിന്റെ പിറ്റേന്ന് പ്രമേയം അവതരിപ്പിക്കാനാണ് തീരുമാനം. ഇതോടെ കേരളത്തിനും പഞ്ചാബിനും പിന്നാലെ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം അവതരിപ്പിക്കുന്ന മൂന്നാമത്തെ സംസ്ഥാനമാകും ബംഗാള്‍. 
 
പ്രത്യേക സമ്മേളനം വിളിച്ച് പ്രമേയം അവതരിപ്പിക്കാനാണ് മമത ബാനര്‍ജി സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ജനുവരി 27ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കാനാണ് തീരുമാനം. ഭരണഘടന സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താനാണ് റിപ്പബ്ലിക് ദിനത്തിന്റെ തൊട്ടടുത്ത ദിവസം തെരഞ്ഞെടുക്കാന്‍ മമത ബാനര്‍ജി സര്‍ക്കാരിനെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
പൗരത്വ നിയമ ഭേദഗതിക്കെതിരെ നിയമസഭയില്‍ ആദ്യമായി പ്രമേയം പാസാക്കിയ സംസ്ഥാനം കേരളമാണ്. ഇതിന്റെ ചുവടുപിടിച്ച് പഞ്ചാബാണ് പിന്നീട് പ്രമേയം പാസാക്കിയത്. രാജസ്ഥാനും പ്രമേയം അവതരിപ്പിക്കുമെന്ന് തീരുമാനിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് പശ്ചിമബംഗാളിന്റെ തീരുമാനം പുറത്തുവന്നിരിക്കുന്നത്.  

അനുബന്ധ വാര്‍ത്തകള്‍

Next Article