തമിഴ്‌നാട്ടില്‍ മലയാളി വിദ്യാര്‍ത്ഥിയ്ക്ക് ക്രൂരപീഡനം; റാഗിങിന് ഇരയായി കാഴ്ച നഷ്ടമായി

Webdunia
ശനി, 13 ഓഗസ്റ്റ് 2016 (10:00 IST)
തമിഴ്‌നാട്ടിലെ മാര്‍ത്താണ്ഡം കുലശേഖരപുരത്ത് പോളിടെക്‌നിക് കോളേജിലെ മലയാളി വിദ്യാര്‍ത്ഥി ക്രൂരമായ റാഗിംഗിന് ഇരയായി. കണ്ണൂര്‍ ഉളിക്കല്‍ മണിപ്പാറയിലെ കെജെ പാനൂസിന്റെ മകന്‍ അജയ് (18) ആണ് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ റാഗിംഗിനിരയായി ഇടത് കണ്ണിന്റെ കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടത്. കുലശേഖരപുരത്തെ ബിഡബ്ല്യുഡിഎ പോളിടെക്‌നിക് കോളജിലെ ഒന്നാം വര്‍ഷ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ അജയ്ക്കാണ് ഹോസ്റ്റലില്‍ വച്ച് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ റാഗിങ് നേരിടേണ്ടിവന്നത്. കഴിഞ്ഞ ആറാം തീയതി രാവിലെയാണു അജയ് റാഗിംഗിനിരയായത്.
 
തലയ്ക്കു പിന്നിലും ഇടതു കണ്ണിലും മര്‍ദനമേറ്റതിനെ തുടര്‍ന്ന് അജയ് നിര്‍ത്താതെ രക്തം ഛര്‍ദിച്ചു. ഹോസ്റ്റലില്‍ ആരുമില്ലാത്ത തക്കം നോക്കിയായിരുന്നു മര്‍ദ്ദനം. ക്രൂരമായി മര്‍ദ്ദിച്ച അജയ്ക്ക് കുടിക്കാന്‍ വെള്ളം പോലും നല്‍കാതെ മുറിയില്‍ ഉപേക്ഷിച്ച് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ കടന്നുകളഞ്ഞു.
 
ഉച്ചയോടെ ഭക്ഷണം കഴിക്കാന്‍ ഹോസ്റ്റലിലെത്തിയ സഹപാഠികളാണ് ഛര്‍ദ്ദിച്ച് അവശനായി കിടക്കുന്ന അജയിനെ കണ്ടെത്തിയത്. അബോധാവസ്ഥയിലായിരുന്ന അജയിനെ സമീപത്തെ ആശുപത്രിയിലെത്തിച്ചതും വീട്ടിലേക്ക് വിവരം അറിയിച്ചതും സഹപാഠികളാണ്. പിന്നീട് ബന്ധുക്കളെത്തി അജയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച്് വിദഗ്ധ ചികിത്സ നല്‍കി. റാഗിങ് നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും കേസ് എടുക്കാന്‍ തമിഴ്‌നാട് പൊലീസും സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുക്കാന്‍ കോളജ് അധികൃതരും തയാറായിട്ടില്ലെന്ന് അജയുടെ പിതാവ് പാനൂസ് പറഞ്ഞു.
 
Next Article