പ്രശസ്ത എഴുത്തുകാരിയും സാമുഹ്യപ്രവര്‍ത്തകയുമായ മഹാശ്വേതാ ദേവി (90) അന്തരിച്ചു. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഒന്നര മാസത്തോളമായി കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു അവര്‍. ബംഗാളി എഴുത്തുകാരിയും ജ്ഞാനപീഠം ജേതാവും സാമൂഹിക പ്രവർത്തകയുമാണ് മഹാശ്വേതാ ദേവി.
ദിവസങ്ങളായി മഹാശ്വേതാ ദേവി വെന്റിലേറ്ററിലായിരുന്നു. കൊൽക്കത്തയിലെ ആശുപത്രിയിൽ രണ്ടു മാസത്തോളമായി ചികിത്സയിൽ കഴിയുകയായിരുന്നു. രക്‌തത്തിലെ അണുബാധ ക്രമാതീതമായി വർദ്ധിച്ചതാണ് ആരോഗ്യം വഷളാകുന്നതിനും മരണകാരണമായതും.
പശ്ചിമബംഗാളിലെ ആദിവാസികൾ, സ്ത്രീകൾ, ദളിതർ തുടങ്ങിയവരുടെ ജീവിതം കേന്ദ്രമാക്കിയുള്ളതായിരുന്നു മഹാശ്വേതോ ദേവിയുടെ രചനകൾ. അടിച്ചമർത്തപ്പെട്ട ആദിവാസികളുടെ പ്രശ്നങ്ങളും ജാതിയമായ ഉച്ചനീചത്വങ്ങളും നിറഞ്ഞു നിൽക്കുന്നതായിരുന്നു അവരുടെ സൃഷ്ടികൾ. ഹസാർ ചൗരാസി കി മാ, അരണ്യേർ അധികാർ, തിത്തു മിർ, അഗ്നിഗർഭ, ദ്രൗപദി, രുധാലി തുടങ്ങിയവയാണ് പ്രധാനകൃതികൾ.
പ്രശസ്ത കവിയും നോവലിസ്‌റ്റുമായിരുന്ന മനിഷ് ഘടകിന്റേയും ധരിത്രി ഘടക്കിന്റേയും മകളായി 1926 ൽ ധാക്കയില്‍ ജനിച്ച മഹാശ്വേതാ ദേവിക്ക് പദ്മവിഭൂഷണും മാഗ്സസെ പുരസ്കാരവും കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരവുമുൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. ജ്‌ഞാനപീഠം, പത്മവിഭൂഷൺ, മാഗ്സസെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള മഹാശ്വേതാ ദേവി ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലെ ആദിവാസി വിഭാഗങ്ങൾക്കിടയിൽ സജീവമായി പ്രവർത്തിച്ചിട്ടുണ്ട്.