ഉറക്കം നഷ്ടപ്പെടുത്തിയ കോഴിക്കെതിരെ പരാതിയുമായി യുവതി പൊലീസ് സ്റ്റേഷനില്‍. മഹാരാഷ്ട്രിലെ പൂനെയിലാണ് സംഭവം. എല്ലാ ദിവസവും രാവിലെ വീടിന് മുമ്പില്‍ വന്ന് അയല്‍പക്കത്തെ കോഴി കൂവുന്നതിനാല്‍ തന്‍റെ ഉറക്കം നഷ്ടപ്പെടുന്നുവെന്നാണ് യുവതിയുടെ പരാതി. സംരത് പൊലീസ് സ്റ്റേഷനില്‍ വെള്ളിയാഴ്ച യുവതി ഇത് സംബന്ധിച്ച പരാതി നല്‍കി.
കോഴിക്കും കോഴിയുടെ ഉടമയ്ക്കുമെതിരെയാണ് പരാതി. എന്നാല്‍ പരാതിക്കാരി സ്ഥിരമായി താമസിക്കുന്നത് ഇവിടെയല്ലന്ന് പൊലീസ് പറയുന്നു. പരാതി നല്‍കിയ യുവതിയുടെ സഹോദരിയുടെ വീടാണിത്. കുറച്ച് ദിവസത്തേക്ക് താമസിക്കാന്‍ എത്തിയതാണ് യുവതി. പരാതി നല്‍കിയതിന് പിന്നാലെ യുവതി സ്ഥലം വിട്ടെന്നും പൊലീസ് പറഞ്ഞു. അതേസമയം തന്‍റെ സഹോദരിക്ക് ചെറിയ മാനസിക പ്രശ്നങ്ങളുണ്ടെന്ന് പരാതിയെക്കുറിച്ച് അറിഞ്ഞ യുവതി പൊലീസിനോട് പറഞ്ഞു.