എട്ട് ലക്ഷത്തിന്റെ കറണ്ട് ബില്‍ ‘ഷോക്കായി’; രസീത് കൈപ്പറ്റിയതിന് പിന്നാലെ വ്യാപാരി ജീവനൊടുക്കി
വെള്ളി, 11 മെയ് 2018 (18:42 IST)
മഹാരാഷ്‌ട്ര: 8.64 ലക്ഷം രൂപയുടെ കറണ്ട് ബില്‍ ലഭിച്ചതിനെത്തുടര്‍ന്ന് വ്യാപാരി ആത്മഹത്യ ചെയ്‌തു. മഹാരാഷ്‌ട്രയിലെ ഔറങ്കാബാദ് സ്വദേശിയായ ജഗനാഥ് ഷെല്‍ക്കിയാണ് (40) ജീവനൊടുക്കിയത്.
പച്ചക്കറി വിൽപ്പനക്കാരനായ ജഗനാഥിന് ലഭിച്ച മാർച്ച് മാസത്തിലെ കറണ്ട് ബില്ലിലാണ് ഭീമന്‍ തുക രേഖപ്പെടുത്തിയിരുന്നത്. ഇതോടെ ആശങ്കയിലായ ഇയാള്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.
പൊലീസ് നടത്തിയ പരിശോധനയില്‍ ആത്മഹത്യാക്കുറിപ്പ് ലഭിച്ചതോടെയാണ് മരണകാരണം വെളിവായത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് സംഘം വ്യക്തമാക്കി.
ജഗനാഥിന്റെ മരണത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ബന്ധുക്കള്‍ വ്യക്തമാക്കിയതിന് പിന്നാലെ വീഴ്‌ച ഏറ്റുപറഞ്ഞു മഹാരാഷ്‌ട്ര സ്‌റ്റേറ്റ് ഇലക്‌ട്രിസിറ്റി ഡിസ്‌ട്രിബ്യൂഷൻ കമ്പനി ലിമിറ്റഡ് രംഗത്തു വന്നു.
പുതിയതായി സ്ഥാപിച്ച മീറ്ററിന്റെ തകരാര്‍ മൂലമാണ് ജഗനാഥിന് വലിയ തുക കറണ്ട് ബില്ലായി ലഭിച്ചത്. ക്ലര്‍ക്കിന്റെ അനാസ്ഥയാണ് ഇതിനു കാരണം. തെറ്റിദ്ധാരണ മൂലമാണ് അദ്ദേഹം ജീവനൊടുക്കിയതെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.